News Desk

2021-03-17 12:54:50 pm IST

വാഷിങ്ടണ്‍: അമേരിക്കയില്‍ മസാജ് പാര്‍ലറുകളിലുണ്ടായ വെടിവെപ്പില്‍ ആറ് സ്ത്രീകളുള്‍പ്പടെ എട്ട് പേര്‍ കൊല്ലപ്പെട്ടു. ജോര്‍ജിയയിലാണ് സംഭവം. മൂന്ന് സ്പാകളിലാണ് വെടിവെപ്പുണ്ടായത്. ഇതില്‍ നാല് പേര്‍ ഏഷ്യന്‍ വംശജരായ സ്ത്രീകളാണെന്ന് അധികൃതര്‍ അറിയിച്ചു.

ആക്രമണവുമായി ബന്ധപ്പെട്ട് തെക്കുപടിഞ്ഞാറന്‍ ജോര്‍ജിയയില്‍ നിന്ന് 21 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് ആക്രമണവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

അറ്റ്ലാന്റയ്ക്ക് സമീപമുള്ള ആക്വര്‍ത്ത് നഗരത്തിന് സമീപമുള്ള യങ്സ് എഷ്യന്‍ മസാജ് പാര്‍ലറിലുണ്ടായ വെടിവെപ്പിലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. അറ്റ്ലാന്റയില്‍ തന്നെയുള്ള ഗോള്‍ഡ് മജാസ് സ്പാ, അരോമ തെറാപ്പി സ്പാ എന്നിവിടങ്ങളിലാണ് തുടര്‍ന്നും വെടിവെപ്പുണ്ടായത്.

വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും മാസാജ് പാര്‍ലറുകളില്‍ മോഷണം നടന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ഉടന്‍ പുറത്തുവിടില്ലെന്ന് ചെറോക്കി കൗണ്ടി ഷെരീഫിന്റെ ഓഫീസ് വക്താവ് ക്യാപ്റ്റന്‍ ജയ് ബേക്കര്‍ പറഞ്ഞു.

വെടിവെപ്പുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മസാജ് പാര്‍ലറുകളില്‍ പരിശോധന നടത്തിയ പൊലീസ് സമീപത്തെ സ്ഥാപനങ്ങളും പരിശോധിക്കുന്നുണ്ട്. പട്രോളിംഗ് വര്‍ധിപ്പിച്ചതായും കേസ് അന്വേഷണം അതിവേഗത്തില്‍ പുരോഗമിക്കുന്നതായും പൊലീസ് പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top