News Desk

2021-06-01 05:24:46 pm IST
ശ്രീനഗര്‍: ചെറിയ ക്ലാസുകളിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ പഠനഭാരത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരാതി പറഞ്ഞ് ആറുവയസ്സുകാരി. ഞങ്ങള്‍ എന്തു ചെയ്യും മോദി സാബ് എന്ന തുടങ്ങുന്ന കുട്ടിയുടെ വീഡിയോ വൈറലാവുകയും ചെയ്തു.  ഔറംഗസേബ് നക്ഷ്ബന്ദി എന്ന മാധ്യമപ്രവര്‍ത്തകനാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. 

ഓണ്‍ലൈന്‍ ക്ലാസ്സുകളും ഹോം വര്‍ക്കുകളും കുഞ്ഞുങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നില്ലെന്ന് നിഷ്‌കളങ്കമായി പരാതിപ്പെട്ട കുരുന്നിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. 'രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ഓണ്‍ലൈന്‍ ക്ലാസ്. ഇംഗ്ലീഷ്, കണക്ക്, ഉറുദു എന്നിവക്ക് പുറമെ കമ്പ്യൂട്ടര്‍ ക്ലാസുകളുമുണ്ട്. കൊച്ചുകുട്ടികളെ കൊണ്ട് എന്തിനാ ടീച്ചര്‍മാര്‍ ഇങ്ങനെ പണിയെടുപ്പിക്കുന്നെ മോദി സാബ്? 6, 7 ക്ലാസ്സുകളിലുള്ള മുതിര്‍ന്ന കുട്ടികള്‍ക്ക് കൂടുതല്‍ ജോലി നല്‍കണമെന്നാണ് വളരെ നിഷ്‌കളങ്കായി കുരുന്ന് ചോദിക്കുന്നത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തു. 

നിഷ്‌കളങ്കമായ ആറുവയസുകാരിയുടെ പരാതിയില്‍ ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഇടപെട്ടു. 48 മണിക്കൂറിനുള്ളില്‍ പുതിയ നയം രൂപീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് അദ്ദേഹം നിര്‍ദേശം നല്‍കി.

വളരെ മനോഹരമായ പരാതിയാണ്. കുഞ്ഞുങ്ങളുടെ ഹോം വര്‍ക്കുകളുടെ ഭാരം കുറയ്ക്കാന്‍ 48 മണിക്കൂറിനുള്ളില്‍ പുതിയ നയം രൂപീകരിക്കാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്. കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കത ദൈവത്തിന്റെ സമ്മാനമാണ്. അവരുടെ നാളുകള്‍ സജീവവും സന്തോഷവും ആനന്ദവും നിറഞ്ഞതായിരിക്കണം' ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.

കുഞ്ഞിന്റെ പരാതി ന്യായമാണെന്ന് നിരവധി പേര്‍ ട്വീറ്റ് ചെയ്തു. ഓണ്‍ലൈന്‍ ക്ലാസ് കാരണം ആറ് മണിക്കൂര്‍ വരെയൊക്കെ കുഞ്ഞുങ്ങള്‍ ഫോണ്‍ ഉപയോഗിക്കുന്നു. ഇത് അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top