News Desk

2021-06-10 03:28:31 pm IST
ആഗ്ര: പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍  ഉപയോഗിക്കാന്‍ കൊടുക്കരുതെന്നും അത് ബലാത്സംഗത്തിലേക്ക് നയിക്കുമെന്ന വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്‍ അംഗം മീനാകുമാരി. വനിതാ കമ്മീഷന്‍ അംഗത്തിന്റെ വിചിത്രമായ പ്രസ്താവന ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. 

രക്ഷിതാക്കള്‍ പെണ്‍മക്കളെ മൊബൈലില്‍ നിന്നും അകറ്റി നിര്‍ത്തണമെന്നും അവര്‍ പറഞ്ഞു. രക്ഷിതാക്കള്‍ പ്രത്യേകിച്ച് അമ്മമാര്‍ പെണ്‍കുട്ടികളെ നിരീക്ഷിക്കണം. അവരുടെ നിരീക്ഷണത്തില്‍ ശ്രദ്ധകുറയുമ്പോഴാണ് പെണ്‍കുട്ടികള്‍ക്ക് നേരെ അക്രമം നടക്കുന്നത്. പെണ്‍കുട്ടികള്‍ ഫോണില്‍ ആണ്‍കുട്ടികളുമായി സംസാരിക്കുകയും പിന്നീട് അവരോടൊപ്പം ഒളിച്ചോടുകയും ചെയ്യുന്നു. മീനാ കുമാരി പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനായി സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് വിവാദ പ്രസ്താവന മീന കുമാരി നടത്തിയത്. അതേസമയം, മീന കുമാരിയുടെ പ്രസ്താവന ഉത്തര്‍പ്രദേശ് വനിത കമ്മീഷന്‍ തള്ളി. പെണ്‍കുട്ടികളെ മൊബൈല്‍ ഫോണില്‍ നിന്നും അകറ്റുന്നത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറക്കുമെന്ന് പറയാനാകില്ലെന്നും മീനാ കുമാരിയുടെ പ്രസ്താവന തെറ്റാണെന്നും വൈസ് പ്രസിഡന്റ് അഞ്ജു ചൗദരി പറഞ്ഞു.

പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി കുമാരി പിന്നീട് രംഗത്തെത്തി. ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് അറിയില്ല. ഇത്തരത്തില്‍ നിരവധി പരാതി തനിക്ക് ലഭിക്കാറുണണ്ടെന്നും അവര്‍ പറഞ്ഞു. പ്രതിദിനം 20 ഓളം സ്ത്രീകള്‍ തന്റെ അടുത്ത് പരാതിയുമായി എത്താറുണ്ട്. ഇതില്‍  ആറ് പരാതികളിലെയെങ്കിലും വില്ലന്‍ മൊബൈല്‍ ഫോണാണ്. ഇതില്‍ പല പെണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിനും ഇരയാകാറുണ്ടെന്ന് അതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും മീന കുമാരി പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top