News Desk

2021-04-15 02:22:12 pm IST
മുംബൈ:  രാജ്യത്ത് കൊവിഡ് വ്യാപനം ദിനംപ്രതി കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുകയാണ്. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാമാണ് മഹാരാഷ്ട്ര. രോഗ വ്യാപനം അതിരൂക്ഷമാകുന്നതിന്റെ ഭീകരത വ്യക്തമാക്കുകയാണ് മഹാരാഷ്ട്രയില്‍ നിന്നും പുറത്തു വരുന്ന ദൃശ്യങ്ങള്‍. 

ആശുപത്രികളില്‍ രോഗികള്‍ നിറഞ്ഞു കവിഞ്ഞതോടെ കൊവിഡ് ബാധിതരായി എത്തുന്നവരെ ചികിത്സിക്കാന്‍ മാര്‍ഗമില്ലാതായിരിക്കുകയാണ് സംസ്ഥാനത്തെ പല നഗരങ്ങളിലും. തന്റെ പിതാവിനെ ചികിത്സിക്കാന്‍ ആശുപത്രികളില്‍ ഒഴിവില്ലാത്തതിനെ തുടര്‍ന്ന് വാഹനത്തില്‍ കിടത്തേണ്ടി വന്ന യുവാവാണ് വീഡിയോയിലൂടെ കൊവിഡ് രൂക്ഷമാകുന്നതിന്റെ അഭ്യര്‍ത്ഥന നടത്തിയത്. 

ഇന്നലെ വൈകിട്ട് മൂന്ന് മണി മുതല്‍ താന്‍ പിതാവിനെയും കൊണ്ട്  ആശുപത്രികള്‍ തേടി അലയുകയാണ്. വറോറയിലെയും ചന്ദ്രാര്‍പൂരിലെയും ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളില്‍ പോലും കിടക്ക ഒഴിവുണ്ടായിരുന്നില്ലെന്ന് സാഗര്‍ കിഷോര്‍ എന്ന യുവാവ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നു.  

ഇവിടെ ഒഴിവില്ലാതായതോടെ രാത്രി 1.30ന്  തെലങ്കാനയിലേക്ക് പിതാവിനെയും കൊണ്ട് പോയി. എന്നാല്‍ അവിടെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സാധിച്ചില്ല. ഇന്ന് രാവിലെ തിരികെ വന്നു. ഇവിടെ കാത്തിരിക്കുകയാണ്. ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അച്ഛന്റെ ഓക്‌സിജന്‍ ലെവല്‍ കുറഞ്ഞുവന്നു. ശ്വാസമെടുക്കാന്‍ പ്രയാസമായി. ഒന്നുകില്‍ എന്റെ പിതാവിന് ആശുപത്രിയില്‍ ഒരു കിടക്ക ലഭ്യമാക്കൂ അല്ലെങ്കില്‍ ഒരു ഇന്‍ജെക്ഷന്‍ നല്‍കി അദ്ദേഹത്തെ ഒന്നു കൊന്നുതരൂ. എനിക്ക് ഈ അവസ്ഥയില്‍ അച്ഛനെ വീട്ടിലേക്ക് കൊണ്ടുപോകാനാവില്ലെന്നും അദ്ദേഹം പറയുന്നു.   

ചന്ദ്രാര്‍പൂരില്‍ കൊവിഡ് വ്യാപനം അതിഗുരുതരമായി തുടരുകയാണ്. ആശുപത്രികളെല്ലാം രോഗികളാല്‍ നിറഞ്ഞതോടെ പുതിയ രോഗികളെ ചികിത്സിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. സംസ്ഥാനത്തെ ആരോഗ്യ മേഖലയെ താളംതെറ്റിച്ചു കൊണ്ടാണ് കൊവിഡ് വ്യാപിക്കുന്നത്. ഇതേ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top