വാഷിംഗ്ടണ്‍: നരേന്ദ്ര മോദി അധികാരത്തിലേറിയത് മുതല്‍ ഇന്ത്യയ്ക്ക് സ്വതന്ത്ര രാജ്യം എന്ന പദവി ക്രമേണ നഷ്ടമായതായി അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ട്. ഫ്രീഡം ഹൗസ് 2021-ന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് ഫ്രീഡം ഹൗസ്.
മുസ്ലീംകള്‍ക്കെതിരായ ആക്രമണം, രാജ്യദ്രോഹക്കേസുകള്‍, കൊവിഡ് കാലത്തെ ലോക്ക് ഡൗണ്‍ ദുരിതങ്ങള്‍ എന്നിവ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്വതന്ത്രരാജ്യം എന്ന പദവിയില്‍ നിന്നും ഭാഗികമായി സ്വതന്ത്രമായ രാജ്യം എന്നതിലേക്കാണ് ഇന്ത്യ കൂപ്പുകുത്തിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫ്രീഡം ഹൗസ് 2020 റിപ്പോര്‍ട്ടില്‍ ഇന്ത്യയെ സ്വതന്ത്രരാജ്യം എന്ന് തന്നെയായിരുന്നു പട്ടികപ്പെടുത്തിയിരുന്നത്. എന്നാല്‍ 2021 ആകുമ്പോള്‍ പൗരസ്വാതന്ത്ര്യം വലിയ അളവോളം നിഷേധിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തതായി പഠനം വിലയിരുത്തി.
'മോദിയുടെ ഹിന്ദുത്വ ദേശീയതാവാദിയായ സര്‍ക്കാര്‍ മനുഷ്യാവകാശ സംഘടനകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. അക്കാദമിഷ്യന്‍മാരേയും മാധ്യമപ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തുകയും മുസ്ലീംകളെ ലക്ഷ്യമിട്ട് വര്‍ഗീയ ആക്രമണങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും നടത്തുകയും ചെയ്യുന്നു. 2019-ല്‍ മോദി വീണ്ടും അധികാരത്തിലേറിയത് ഇതിന് ആക്കം കൂട്ടി. 2020-ലെ കൊവിഡ് മഹാമാരിയിലെ സര്‍ക്കാര്‍ ഇടപെടല്‍ പൗരാവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറുന്നതായിരുന്നു.', റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വതന്ത്ര്യ റിപ്പബ്ലിക്ക് രാജ്യമാകുന്നതിനുള്ള പ്രധാനഘടകങ്ങള്‍ വിലയിരുത്തിയത് പ്രകാരം ഇന്ത്യയ്ക്ക് 67 മാര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. ഇക്വഡോറിനും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിനും തുല്യമാണ് ഇന്ത്യയുടെ സ്കോര്‍. 2020-ലെ സര്‍ക്കാര്‍ നയങ്ങളാണ് സ്വതന്ത്രരാജ്യം എന്ന നിലയില്‍ നിന്ന് ഭാഗികമായ സ്വതന്ത്രമായ രാജ്യം എന്നതിലേക്ക് ഇന്ത്യയെ അതിവേഗമെത്തിച്ചതിന് കാരണമായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രത്തില്‍ മോദി സര്‍ക്കാരും സംസ്ഥാനങ്ങളിലെ മോദി അനുകൂല സര്‍ക്കാരുകളും കൊവിഡ് കാലത്ത് ഇതരസംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് വ്യാപനത്തിന് മുസ്ലീംകളെ ബലിയാടാക്കുന്നതിനെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
25 വ്യത്യസ്ത സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് ഫ്രീഡം ഹൗസ് റാങ്കിംഗ് നിശ്ചയിക്കുന്നത്. വിയോജിപ്പ് രേഖപ്പെടുത്തുന്നവര്‍ക്ക് മേല്‍ നിരന്തരം രാജ്യദ്രോഹക്കേസുകള്‍ ചുമത്തുന്നത് പൗരാവകാശത്തേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും ഹനിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആംനസ്റ്റി ഇന്റര്‍നാഷണലിനെതിരായ നടപടി രാജ്യത്ത് മനുഷ്യാവകാശ സംഘടനകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവില്ലെന്നതിന്റെ സൂചനയാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു.
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയിയെ വിരമിച്ച ഉടനെ രാജ്യസഭയിലേക്ക് ശുപാര്‍ശ ചെയ്തത് വഴി നീതിന്യായവ്യവസ്ഥ സുതാര്യമല്ലെന്ന സന്ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ സ്കോര്‍ 51 ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു..
100 ല്‍ 100 മാര്‍ക്കും ഉള്ള ഫിന്‍ലാന്‍ഡ്, നോര്‍വെ, സ്വീഡന് എന്നീ രാജ്യങ്ങളാണ് സ്വതന്ത്രരാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലുള്ളത്. ഒരു മാര്‍ക്ക് മാത്രമുള്ള ടിബറ്റും സിറിയയുമാണ് പട്ടികയിലെ ഏറ്റവും താഴെയുള്ള രാജ്യങ്ങള്‍.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക