News Desk

2021-11-16 06:00:07 pm IST
വാഷിംഗ്ടണ്‍: 20 വര്‍ഷത്തിനിടെ ആഗോള സമ്പത്ത് മൂന്നിരട്ടിയായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മക്കിന്‍സി ആന്‍ഡ് കമ്പനിയാണ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ലോകവരുമാനത്തിന്റെ 60 ശതമാനത്തിലേറെ പ്രതിനിധീകരിക്കുന്ന പത്ത് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാണ് മക്കിന്‍സി ആന്‍ഡ് കമ്പനി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

2000-ലെ 156 ലക്ഷം കോടി ഡോളറില്‍ നിന്ന് ലോകമെമ്പാടുമുള്ള ആസ്തി 2020-ല്‍ 514 ലക്ഷം കോടി ഡോളറായാണ് ഉയര്‍ന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ധനവിന്റെ മൂന്നിലൊന്ന് ചൈനയുടെ സംഭാവനയാണ്. 2000-ലെ ഏഴ് ലക്ഷം കോടി ഡോളറില്‍ നിന്ന് 120 ലക്ഷം കോടിയായാണ് ചൈനയുടെ സമ്പത്ത് വര്‍ധിച്ചത്. 

യു.എസിന്റെ ആസ്തി ഈ കാലയളവില്‍ ഇരട്ടിയലധികം വര്‍ധിച്ച് 90 ലക്ഷം കോടി ഡോളറാവുകയും ചെയ്തു. ഇരുരാജ്യങ്ങളിലും സമ്പത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും സമ്പന്നരായ 10 ശതമാനം കുടുംബങ്ങളുടെ കൈവശമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മക്കിന്‍സിയുടെ കണക്കനുസരിച്ച് ആഗോള ആസ്തിയുടെ 68 ശതമാനവും റിയല്‍ എസ്റ്റേറ്റിലാണ്. അടിസ്ഥാന സൗകര്യങ്ങള്‍, യന്ത്രസാമഗ്രികള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയിലും ബൗദ്ധിക സ്വത്തവകാശം, പേറ്റന്റ് എന്നിവയിലും സമ്പത്ത് സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നുണ്ട്.

രണ്ട് പതിറ്റാണ്ടായി അറ്റാദായത്തിലുണ്ടായ വര്‍ധന ആഗോള മൊത്തം ആഭ്യന്തര ഉത്പാദനത്തെ മറികടന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പലിശ നിരക്കിലെ കുറവുമൂലം വസ്തുവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയതാണ് അതിന് സഹായിച്ചത്.

എന്നാല്‍ വസ്തുവിലയിലെ കുതിപ്പുമൂലം പലര്‍ക്കും വീട് സ്വന്തമാക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. അത് പലരെയും സാമ്പത്തിക പ്രതിസന്ധിയിലാക്കുകയും ചെയ്തു. എവര്‍ഗ്രാന്‍ഡെയെ പോലുള്ള വന്‍കിട റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ കടവുമായി ബന്ധപ്പെട്ട് ചൈനയും സമാനമായ പ്രശ്നങ്ങള്‍ നേരിട്ടേക്കാമെന്നും മക്കിന്‍സി പറയുന്നു. കൂടുതല്‍ ഉത്പാദനക്ഷമമായ മേഖലകളില്‍ നിക്ഷേപം പ്രയോജനപ്പെടുത്തി ആഗോളതലത്തില്‍ ജിഡിപി വിപുലീകരിക്കുന്നതിനാണ് അനുയോജ്യമെന്ന് റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top