News Desk

2021-03-10 08:35:57 pm IST

റിയാദ്: 1200 വര്‍ഷങ്ങള്‍ക്ക് മുമ്പ് അബ്ബാസിയ ഭരണകാലത്ത് സൗദി അറേബ്യയില്‍ ഉപയോഗിച്ചിരുന്നു എന്ന് കരുതുന്ന സ്വര്‍ണ നാണയം കണ്ടെത്തി. ഹാഇല്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ടൂറിസം പുരാവസ്തു വിഭാഗം ഫൈദില്‍ അല്‍ തനാനീര്‍ എന്ന പ്രദേശത്ത് നടത്തിയ ഖനനത്തിലാണ് നാല് ഗ്രാം തൂക്കം വരുന്ന സ്വര്‍ണ നാണയം കണ്ടെത്തിയത്.

ഹിജ്റ 180 ആം വര്‍ഷം അബ്ബാസിയ ഭരണാധികാരിയായിരുന്ന ഹാറൂണ്‍ റഷീദിന്റെ ഭരണകാലത്ത് ഉപയോഗിച്ചിരുന്ന നാണയമാണിതെന്നാണ് അനുമാനിക്കുന്നതെന്ന് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജ് ഓഫ് ലെറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്‌സ് ഡീന്‍ മുഹമ്മദ് അല്‍ഷഹ്രി പറഞ്ഞു. 

നാണയത്തിന്റെ ഒരു വശത്ത് കൂഫിക് കയ്യക്ഷരത്തില്‍ അറബിയില്‍ മൂന്ന് വരികളിലായി ഇസ്ലാമിക സത്യസാക്ഷ്യ വാക്യവും മറുവശത്ത് മൂന്ന് വരികളില്‍ 'മുഹമ്മദ് റസൂലുല്ലാഹ്' എന്നും ചെറിയ അക്ഷരത്തില്‍ 'ജഅഫര്‍' എന്നും എഴുതിയിട്ടുണ്ട്.

ഹാറൂന്‍ റഷീദിന്റെ കാലത്തെ മന്ത്രിയായിരുന്ന ജഅഫര്‍ ബ്‌നു യഹ്യ അല്‍ബര്‍മക്കിയെ ഉദ്ദേശിച്ചുകൊണ്ടാവാം 'ജഅഫര്‍' എന്ന എഴുത്ത് നാണയത്തില്‍ വന്നതെന്ന് യൂണിവേഴ്സിറ്റിയിലെ ടൂറിസം പുരാവസ്തു വിഭാഗം മേധാവി അബ്ദുള്ള അല്‍ ഉംറാന്‍ പറഞ്ഞു. 

നാണയത്തിന് ചുറ്റും വൃത്തത്തില്‍ ഖുര്‍ആന്‍ വചനവുമുണ്ട്. നാണയം ഇറക്കിയ വര്‍ഷം ഹിജ്റ 180 എന്നും ബിസ്മിയും ഒരു വശത്ത് കാണിച്ചിട്ടുണ്ട്. അക്കാലത്ത് ഉപയോഗിച്ചതെന്ന് കരുതുന്ന പാത്രങ്ങളും ഉപകരണങ്ങളും മറ്റു ചില നാണയങ്ങളും ഇതോടൊപ്പം കണ്ടെടുത്തിട്ടുണ്ട്


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top