News Desk

2021-03-01 03:40:36 pm IST
അബുദാബി: രൂപയ്‌ക്കെതിരെ ദിര്‍ഹത്തിന്റെയും റിയാലിന്റെയും മൂല്യം വീണ്ടും ഉയരുന്നതായി റിപ്പോര്‍ട്ട്. രണ്ടു ദിവസമായി യു.എ.ഇ ദിര്‍ഹത്തിന് 20 രൂപയിലേറെ വിലയുണ്ട്.

കഴിഞ്ഞ നവംബറിലാണ് ദിര്‍ഹം റെക്കോര്‍ഡ് ഉയരത്തിലെത്തിയത്. ഒരു ദിര്‍ഹത്തിന് 20.350 രൂപ വരെയായിരുന്നു അന്നത്തെ നില. പുതിയ സാഹചര്യം തുടര്‍ന്നാല്‍ റെക്കോര്‍ഡ് ഭേദിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

2010 ഫെബ്രുവരിയില്‍ 12 രൂപയിലായിരുന്നു ഒരു ദിര്‍ഹത്തിന്റെ വില. ഓരോ വര്‍ഷവും പടിപടിയായി ഉയര്‍ന്നുകൊണ്ടിരുന്നു. 2014ല്‍ ഒരു ദിര്‍ഹമിന് 16 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ 20 കടന്നു. ഏകദേശം 20 ശതമാനം ശമ്പള വര്‍ധനയുണ്ടായതിനു തുല്യമാണിത്.

എണ്ണ വിലയിടിവ് ഗള്‍ഫ് രാജ്യങ്ങളിലുണ്ടാക്കിയ പ്രതിസന്ധിയും സ്വദേശിവല്‍ക്കരണത്തിലൂടെ പ്രവാസികളെ പുറത്താക്കുന്ന നടപടിയും മുന്‍ കാലങ്ങളില്‍ പ്രവാസികള്‍ക്ക് വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചു.

ഇഖാമ പുതുക്കലും മറ്റുമുള്ള ചിലവുകളും വര്‍ധിച്ചു. പല കമ്പനികളിലും ശമ്പള വര്‍ധനവ് നടപ്പാക്കിയില്ല. പക്ഷേ, ഈ കാലത്തെല്ലാം രൂപയ്‌ക്കെതിരെ ഗള്‍ഫ് കറന്‍സികളുടെ മൂല്യം പതിയെ ഉയരുകയായിരുന്നു.

ആറ് വര്‍ഷമായി ഒരു ദിര്‍ഹം പോലും ശമ്പളം വര്‍ധിച്ചില്ലെന്നു പറയുന്നു മലപ്പുറം സ്വദേശിയും അബുദാബിയില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സൂപ്പര്‍വൈസറുമായ മുഹമ്മദ് അലി. 

നാട്ടിലും ഗള്‍ഫിലും ഈ കാലത്തു ജീവിതച്ചെലവ് കുതിച്ചുയരുകയും ചെയ്തു. എന്നിട്ടും അധികം ബുദ്ധിമുട്ടില്ലാതെ മുന്നോട്ടുപോകാനായത് ദിര്‍ഹത്തിന്റെ മൂല്യവര്‍ധനവ് മൂലമാണെന്ന് അലി പറയുന്നു.

ഗള്‍ഫില്‍ പരമാവധി ചെലവു ചുരുക്കി ജീവിച്ച് വരുമാനമെല്ലാം നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്ന പ്രവാസിക്കു ഗള്‍ഫ് കറന്‍സികളുടെ മൂല്യമുയരുന്നത് ആശ്വസമാണ്.അതേസമയം, കുറച്ചുകാലത്തേക്കു കൂടി ദിര്‍ഹത്തിന്റെയും റിയാലിന്റെയും മൂല്യം വര്‍ധിക്കുന്നത് തുടരുമെന്നാണ് വിദഗ്ധരുടെ പ്രവചനം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top