News Desk

2021-06-09 10:54:31 pm IST

പാരിസ്: അമേരിക്കന്‍ ടെക് ഭീമന്‍ ഗൂഗ്‌ളിന് ഭീമന്‍ തുക പിഴയീടാക്കി ഫ്രാന്‍സ് അധികൃതര്‍. ഡിജിറ്റല്‍ പരസ്യ മേഖലയിലെ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് ഫ്രഞ്ച് കോംപറ്റീഷന്‍ അതോറിറ്റി 26.8 കോടി ഡോളര്‍ (1950 കോടി രൂപയോളം) ഗൂഗ്‌ളിന് പിഴയിട്ടത്. 

എതിരാളികളെ ബാധിക്കുന്ന വിധം ഗൂഗ്ള്‍ സ്വന്തം പരസ്യ പ്ലാറ്റ്‌ഫോമുകള്‍ക്ക് ആനുപാതികമല്ലാത്ത മുന്‍ഗണന നല്‍കിയെന്നാണ് അധികൃതര്‍ കണ്ടെത്തിയത്. ഡിജിറ്റല്‍ പരസ്യ രംഗത്തുള്ള ആധിപത്യം ഗൂഗ്ള്‍ ദുരുപയോഗം ചെയ്‌തെന്ന് കാട്ടി 2019-ല്‍ മാധ്യമ ഭീമന്‍ റൂബര്‍ട്ട് മര്‍ഡോക്കിന്റെ കീഴിലുള്ള ന്യൂസ് കോര്‍പ്, ഫ്രഞ്ച് പത്രമായ ലെ-ഫിഗരോ, ബെല്‍ജിയന്‍ മാധ്യമ സ്ഥാപനമായ റൊസല്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കിയ പരാതിയിലാണ് നടപടി. 

നടപടിക്കു പിന്നാലെ പരസ്യ സേവനങ്ങളില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് ഗൂഗ്ള്‍ അറിയിച്ചിട്ടുണ്ട്. ഗൂഗ്ള്‍ സ്വന്തം പരസ്യ പ്ലാറ്റ്‌ഫോമുകളായ ആഡ്-എക്‌സിനും ഡബിള്‍ക്ലിക്ക് ആഡ് എക്‌സ്ചെയ്ഞ്ചിനും പരിധിയിലധികം മുന്‍ഗണന നല്‍കി മാര്‍ക്കറ്റില്‍ അവര്‍ക്കുള്ള സ്ഥാനം ദുരുപയോഗം ചെയ്യുന്നതായും കമ്പനികള്‍ ആരോപിക്കുന്നു. 

അതുവഴി വന്‍ തുക മുടക്കി മാധ്യമങ്ങളുടെ വെബ് സൈറ്റുകളിലും മറ്റ് ആപ്പുകളിലും നല്‍കിവരുന്ന പരസ്യങ്ങളും വാര്‍ത്തകളും ടെക് ഭീമന്‍ മറയ്ക്കുന്നതായും മത്സര രംഗത്തുള്ള മറ്റ് കമ്പനികള്‍ ആരോപിക്കുന്നു. മറ്റ് പ്ലാറ്റ്‌ഫോമുകളിലെ റേറ്റ് അനുസരിച്ച് ഗൂഗ്‌ളിന്റെ പരസ്യ പ്ലാറ്റ്‌ഫോമുകള്‍ കമീഷനില്‍ വ്യത്യാസം വരുത്തുന്നുണ്ടായിരുന്നു എന്നും കോംപറ്റീഷന്‍ അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. 

2019 ഡിസംബറില്‍ സമാനമായ കേസില്‍ 150 മില്യന്‍ യൂറോയാണ് ടെക് ഭീമന് പിഴയൊടുക്കേണ്ടിവന്നത്. 2018-ല്‍ വിപണി മര്യാദകള്‍ ലംഘിച്ചതിനു ഗൂഗിള്‍ 34,500 കോടി രൂപ പിഴ നല്‍കണമെന്നു യൂറോപ്യന്‍ കമീഷനും നിര്‍ദേശിച്ചിരുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top