ന്യൂഡല്‍ഹി: വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യക്കാര്‍ക്കിടയില്‍ പ്രചാരം നേടിയ ഡിജിറ്റല്‍ പേയ്മെന്റ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. ലളിതവും സുരക്ഷിതവുമായ പേയ്മെന്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ പേ നമ്മുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ബാങ്കുകളിലേയ്ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനും, ബില്ലുകള്‍ അടയ്ക്കാനും, മൊബൈല്‍ റീചാര്‍ജ് ചെയ്യാനും, ഫുഡ് ഓര്‍ഡര്‍ ചെയ്യാനും, സിനിമ ടിക്കറ്റ് എടുക്കുന്നതിനും തുടങ്ങി എന്ത് തരം പണമിടപാടുകളും ഗൂഗിള്‍ പേ വഴി എളുപ്പത്തില്‍ സാധിക്കും.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ഗൂഗിള്‍ പേയിലും ഇനിമുതല്‍ പരസ്യങ്ങള്‍ കാണിച്ചു തുടങ്ങും എന്നാണ്. ഇന്ത്യയില്‍ ടാര്‍ഗറ്റഡ് ആഡുകള്‍ അവതരിപ്പിക്കുമെന്ന് ഒരു ബ്ലോഗ്പോസ്റ്റിലൂടെയാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. കൂടാതെ ഉപയോക്താക്കള്‍ക്ക് പരസ്യങ്ങള്‍ ഓഫ് ചെയ്ത് വെക്കാനുള്ള ഓപ്ഷനും ഗൂഗിള്‍ പേ നല്‍കും. ഐ.ഒ.എസ് ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ ഒരേസമയം ഓപ്ഷന് എത്തും.
അടുത്ത ആഴ്ച്ച മുതലായിരിക്കും ആപ്പില്‍ പരസ്യങ്ങള്‍ നല്കിത്തുടങ്ങുക. പുതിയ അപ്ഡേറ്റിലൂടെ ആയിരിക്കും പരസ്യം ആപ്പില്‍ ഉള്‍പ്പെടുത്തുന്നത്. ഗൂഗിള്‍ പേയില്‍ ഉപയോക്താക്കള്‍ നടത്തുന്ന പണമിടപാടുകളെ അടിസ്ഥാനമാക്കി പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കൂടുതല്‍ ഓഫറുകളും റിവാര്‍ഡുകളും നല്‍കുമെന്ന് ഗൂഗിള്‍ പുറത്ത് വിട്ടിരിക്കുന്ന ബ്ലോഗില്‍ പറയുന്നു.
എന്നാല്‍ ഗൂഗിള്‍ പേയില്‍ പരസ്യങ്ങള്‍ വരുന്നതോട് കൂടി സുരക്ഷയുടെ കാര്യത്തില്‍ ഉപയോക്താക്കളുടെ ഇടയില്‍ ആശങ്ക ഉയരുന്നുണ്ട്. പരസ്യങ്ങള്‍ വരുന്നതോട് കൂടി തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ എത്രമാത്രം സുരക്ഷിതമാണെന്ന സംശയമാണ് ഉപയോക്താക്കള്‍ ഉന്നയിക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക