News Desk

2021-05-14 03:18:24 pm IST

ദോഹ: ഖത്തറില്‍ അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി ആറു ഖത്തരി ബിസിനസുകാരുടെ സ്വത്തുവകകള്‍ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ബ്ലൂംബെര്‍ഗ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഖത്തര്‍ ധന മന്ത്രി അലി ശരീഫ് അല്‍ എമ്മാദിയുടെ അറസ്റ്റിനെ തുടര്‍ന്നാണ് ആറു ബിസിനസ് പ്രമുഖരുടെ സ്വത്തുവകകളും മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അല്‍ എമ്മാദിയുടെ ഖത്തറിലെ സ്വത്തു സമ്പാദ്യങ്ങള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ നടപടികള്‍ സ്വീകരിച്ചിരുന്നു. 

മന്ത്രിമാര്‍ക്ക് നിയമത്തിന്റെ പരിരക്ഷ നല്‍കുന്ന ഭേദഗതികള്‍ റദ്ദ് ചെയ്യുന്നതായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഖത്തറില്‍ ഭരണ സുതാര്യതയും മെച്ചപ്പെട്ട ഭരണവും അഴിമതി നിവാരണവും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികളെന്നാണ് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് ഒത്തുപോകാതെ പ്രവര്‍ത്തിച്ചാല്‍ ആരെയും മുഖം നോക്കാതെ നടപടികള്‍ക്ക് വിധേയമാക്കുമെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത് എന്ന് ദി പെനിന്‍സുല പത്രം മുഖ്യ പത്രാധിപര്‍ അല്‍ ഷാഫി പ്രതികരിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Doha
Top