News Desk

2021-04-21 12:50:48 pm IST

ന്യൂഡല്‍ഹി: മെയ് ഒന്ന് മുതല്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് വാക്സിന്‍ നല്‍കില്ല. സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് നേരിട്ടു വാക്‌സിന്‍ വാങ്ങാം. 

പുതിയ വാക്‌സിന്‍ നയത്തിന്റെ ഭാഗമായാണ് സ്വകാര്യ ആശുപത്രികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വാക്‌സിന്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തുന്നത്. എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വാക്‌സിന്‍ വാങ്ങി കുത്തിവെയ്പ് തുടരാം. 

നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്‍ കുത്തിവെയ്ക്കാന്‍ 250 രൂപ ആണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക് എത്ര രൂപയ്ക്ക് ആകും നിര്‍മ്മാതാക്കള്‍ വാക്‌സിന്‍ നല്‍കുക എന്ന് വ്യക്തമല്ല. 

വിവിധ വാക്‌സിനുകള്‍ക്ക് വ്യത്യസ്ത വില ആണ് നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നത് എന്നാണ് സൂചന. വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് സ്വകാര്യ ആശുപത്രികള്‍ വാക്‌സിന്‍ വാങ്ങുന്നതോടെ ഒരു ഡോസ് കുത്തിവയ്പ്പിന് 1000 രൂപ വരെ ആയി ഉയര്‍ന്നേക്കും. സ്വകാര്യ ആശുപത്രികളില്‍ ആദ്യ ഡോസ് വാക്‌സിന്‍ കുത്തിവച്ചവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്ന് രണ്ടാം ഡോസ് കുത്തിവയ്ക്കാനുള്ള അനുമതി ഉണ്ടാകും. 

കോവിഷീല്‍ഡ് നിര്‍മ്മാതാക്കളായ പൂനെയിലെ സിറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ പറയുന്നത് പ്രകാരം സ്വകാര്യ വിപണിയില്‍ വാക്‌സിന്‍ വില്‍പ്പനയ്ക്ക് എത്തുമ്പോള്‍ ഒരു ഡോസിന് 1,000 രൂപയെങ്കിലും വിലയുണ്ടാകും. റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക്ക് വിതരണം ചെയ്യുന്ന ഡോ.റെഡ്ഡിസ് വാക്‌സിന് പ്രതീക്ഷിക്കുന്ന വില ഡോസിന് 750 ആണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനം വന്നിട്ടില്ല.

അതേസമയം, എത്രത്തോളം വാക്‌സിനുകള്‍ പൊതു വിപണിയില്‍ എത്തിക്കാന്‍ സാധിക്കും. അതിന്റെ ലഭ്യതയും വിതരണ ശൃംഖലയും ഇവയെല്ലാം ആശ്രയിച്ചായിരിക്കും അവസാന വില തീരുമാനിക്കുക. മെയ് ഒന്നു മുതല്‍ പൊതുവിപണിയില്‍ എത്തിക്കുന്ന വാക്‌സിനുകളുടെ വില നിര്‍ണ്ണയിക്കുകയും വേണം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top