News Desk

2021-05-23 02:39:37 pm IST
ദോഹ: ഗ്രീന്‍ ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഗ്രീന്‍  ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള ചില വിഭാഗം ആളുകള്‍ക്കും ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവ് നല്‍കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഈ ഇളവ് ബാധകമല്ല.

ഖത്തറില്‍ നിന്നോ വിദേശത്ത് നിന്നോ പൂര്‍ണമായും രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ച ആളുകള്‍ ഹോട്ടലിലോ വീട്ടിലോ ക്വാറന്റൈനില്‍ കഴിയേണ്ടതില്ല. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ കൊവിഡ് ബാധിച്ച് ഭേദമായവര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ല. എന്നാല്‍, ഖത്തറില്‍ വച്ച് രോഗം ബാധിച്ച വ്യക്തികള്‍ക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക.

ഗ്രീന്‍ ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്ന വാക്സിനെടുത്തിട്ടില്ലാത്ത യാത്രക്കാര്‍ ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണം. ഗ്രീന്‍ലിസ്റ്റില്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന താഴെപ്പറയുന്ന വിഭാഗങ്ങള്‍ക്കും ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവുണ്ട്.

വാക്സിനെടുത്തിട്ടില്ലാത്ത 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍. രക്ഷിതാക്കള്‍ രണ്ടുപേരും വാക്സിനെടുത്തവര്‍ ആണെങ്കില്‍ ഇവര്‍ ഏഴ് ദിവസം വീട്ടില്‍ കഴിഞ്ഞാല്‍ മതി. ഖത്തറില്‍ നിന്ന് രണ്ടാം ഡോസ് സ്വീകരിക്കുകയും 14 ദിവസം പൂര്‍ത്തിയാക്കുകയും ചെയ്യാത്തവര്‍ക്ക് ഏഴ് ദിവസമോ അല്ലെങ്കില്‍ 14 ദിവസം പൂര്‍ത്തിയാകുന്നതു വരെയോ വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതി.

75 വയസ്സോ അതിന് മുകളിലോ ഉള്ള വാക്സിനെടുക്കാത്ത യാത്രക്കാരനും കൂടെയുള്ള ഒരു ബന്ധുവിനും ഹോം ക്വാറന്റൈനില്‍ കഴിയാം. വാക്സിനെടുത്ത ഭര്‍ത്താവിന്റെയോ ഒരേ വീട്ടില്‍ താമസിക്കുന്ന ബന്ധുവിന്റെയോ കൂടെ വരുന്ന ഗര്‍ഭിണികള്‍ക്കും ഇളവ് ലഭ്യമാണ്.

വാക്സിനെടുത്ത ഭര്‍ത്താവിന്റെയോ ഒരേ വീട്ടില്‍ താമസിക്കുന്ന ബന്ധുവിന്റെയോ കൂടെ വരുന്ന മുലകൊടുക്കുന്ന അമ്മയും അവരുടെ രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കും ഇളവ് ലഭിക്കും. ഖത്തര്‍ സര്‍ക്കാരിന്റെ ചെലവില്‍ വിദേശത്ത് ചികിത്സയ്ക്ക് പോയ രോഗിയും കൂടെയുള്ള ഒരാള്‍ക്കും ഇളവ് ലഭിക്കും.

അതേസമയം, ഈ ക്വാറന്റൈന്‍ ഇളവുകള്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഫിലിപ്പീന്‍സ് എന്നീ ആറ് രാജ്യങ്ങളില്‍ നിന്നെത്തുന്ന പ്രവാസികള്‍ക്ക് ബാധകമാവില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇവര്‍ വാക്സിനെടുത്താലും ഇല്ലെങ്കിലും 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top