News Desk

2020-05-22 09:01:19 pm IST
കുവൈത്ത്: കൊവിഡ് പ്രതിസന്ധിയുടെ ഭാഗമായി ഗള്‍ഫ് മേഖലകളില്‍ അകപ്പെട്ട വിദ്യാര്‍ഥികള്‍ ഭാവി അവതാളത്തിലാകുമോയെന്ന ആശങ്കയില്‍. നീറ്റ് പരീക്ഷയെഴുതാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജൂലൈ മാസത്തിനു മുന്‍പ് ഇന്ത്യയില്‍ എത്തിയാല്‍ മാത്രമേ പരീക്ഷ എഴുതാന്‍ കഴിയുകയുള്ളൂ. 

രാജ്യത്തെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കും  അനുബന്ധ കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിന് ദേശീയ തലത്തില്‍ നടത്തുന്ന പരീക്ഷയാണിത്. ഗള്‍ഫ് മേഖലയിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ തുടര്‍ വിദ്യാഭ്യാസമാണ് ഇപ്പോള്‍ വലിയൊരു ചോദ്യ ചിഹ്നമായിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ പ്ലസ്-ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷ ജൂലൈ മാസം നടക്കുകയാണ്. സംസ്ഥാനത്തിന്റെ നീറ്റ് പരീക്ഷ ജൂലൈ 16 നും കേന്ദ്രത്തിന്റേത് ജൂലൈ 26നുമാണ് നടക്കുക. 

അതിനു മുന്‍പ് സംസ്ഥാനത്തെത്തി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഗള്‍ഫില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയൂ. നിലവില്‍ 150 ല്‍ താഴെ യാത്രക്കാരാണ് ഓരോ ഫ്‌ളൈറ്റിലും ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നത് അതുതന്നെ അടിയന്തര സാഹചര്യങ്ങളിലുള്ളവരെ മുന്‍ഗണനാ പട്ടിക നോക്കിയാണ് കൊണ്ടുവരുന്നത്.

 മുന്‍ഗണനാ പട്ടികയില്‍ പ്ലസ്-ടു കഴിഞ്ഞ വിദ്യാര്‍ഥികളും തുടര്‍ വിദ്യാഭ്യാസത്തിന് യോഗ്യത നേടാനുള്ള വിദ്യാര്‍ഥികളും ഇടംപിടിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ കഴിയുകയാണ് വിദ്യാര്‍ഥികള്‍. 

ALSO WATCH 


Top