News Desk

2021-03-03 07:22:19 pm IST
ജിദ്ദ: ഈ വര്‍ഷം ഹജ്ജിന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കും അനുമതി നല്‍കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. എന്നാല്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും ഹജ്ജിന് അനുമതി. സൗദി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് രാജ്യത്തെ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്ത് വിട്ടത്. 

കൊവിഡ് പ്രശ്ചാത്തലത്തില്‍ കഴിഞ്ഞ തവണത്തേതു പോലെ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കി പ്രത്യേകമായ ക്രമീകരണങ്ങളോടെയാവും ഇത്തവണയും ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുക.

കഴിഞ്ഞ വര്‍ഷം ആഭ്യന്തര തീര്‍ത്ഥാടകരായ ആയിരത്തോളം പേര്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതി ലഭിച്ചിരുന്നത്. പ്രത്യേകം അപേക്ഷ ക്ഷണിച്ച് അതില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായിരുന്നു അവസരം. ഇവരില്‍ മലയാളികളുള്‍പ്പെടെയുള്ള വിദേശികളുമുണ്ടായിരുന്നു. 

എന്നാല്‍ ഈ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്നും നേരിട്ട് തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചര്‍ച്ചകളുമാണ് നടന്ന് വരുന്നത്. എന്നാല്‍ വിദേശ തീര്‍ത്ഥാടകര്‍ക്ക് അനുമതി ലഭിച്ചാലും ഇവരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നിലവില്‍ തുടരുന്ന നേരിട്ടുള്ള വിമാനസര്‍വീസ് വിലക്കാണ് കാരണം. അതേസമയം, വിദേശത്തു നിന്നും എത്തുന്നവര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ അതാത് നാടുകളില്‍ നിന്ന് തന്നെ എടുക്കേണ്ടതുണ്ടോ അതോ സൗദിയിലെത്തിയതിന് ശേഷം നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രത്യേകമായ മെഡിക്കല്‍ സന്നാഹം മക്കയിലും മദീനയിലുമുണ്ടാകും. ഹാജിമാരെത്തുന്നതു മുതല്‍ മടങ്ങിപ്പോകുന്നതു വരെ സേവനം വേണ്ടതിനാല്‍ ആവശ്യമായ മെഡിക്കല്‍ സജ്ജീകരണത്തിന് ഹജ്ജ് ഉംറ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഏകോപിച്ചാണ് പ്രവര്‍ത്തനം.

തീര്‍ത്ഥാടകര്‍ക്കാവശ്യമായ സേവനം ചെയ്യുന്നതിനെത്തുന്ന ആരോഗ്യ പ്രവര്‍ത്തകരുടേയും ജീവനക്കാരുടേയും മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പുണ്യ സ്ഥലങ്ങളിലെത്തിക്കൂ. ജൂലൈ മാസത്തില്‍ നടക്കുന്ന ഹജ്ജിന് മുന്നോടിയായി സൗയില്‍ വാക്‌സിന്‍ വിതരണം വലിയ അളവില്‍ പൂര്‍ത്തിയാക്കാനാകും വിധമാണ് വിതരണം നടന്ന് വരുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top