News Desk

2021-04-12 07:36:28 pm IST

കണ്ണൂര്‍: കെ.എം ഷാജി എം.എല്‍.എയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു. കണ്ണൂരിലെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെത്തിയത്. 

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂര്‍ മണലിലെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് കണ്ണൂരില്‍ റെയ്ഡ് നടത്തിയത്. 

ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തതിന് പിന്നാലെയായിരുന്നു റെയ്ഡ്. ഇന്നലെയാണ് ഷാജിക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷാജിയ്ക്ക് വരവില്‍ കവിഞ്ഞ സ്വത്തുള്ളതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 

ഷാജിയുടെ സ്വത്ത് സമ്പാദനത്തില്‍ വരവിനേക്കാള്‍ 166 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് വിജിലന്‍സ് കണ്ടെത്തല്‍. 2011 മുതല്‍ 2020 വരെയുള്ള കണക്ക് പ്രകാരം ഷാജിക്ക് 88,57,000 രൂപ വരവുള്ളതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 32,19,000 രൂപ ഇക്കാലയളവില്‍ ഷാജി ചെലവാക്കിയിട്ടുണ്ട്. 

ഷാജിക്കെതിരായി കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top