News Desk

2021-03-25 04:19:29 pm IST
റാമല്ല: ഫലസ്തീന്‍ തടവുകാരെ ജയിലുകളില്‍ നിന്ന് വിട്ടയക്കണമെന്ന് സൗദിയോട് ആവശ്യപ്പെട്ട് ഇസ്ലാമിക സംഘടനയായ ഹമാസ്. തടവുകാരുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം മൂസ അബു മര്‍സൗഖ് ഈ ആവശ്യം ഉയര്‍ത്തിയത്. 

സൗദിയിലെ ഹമാസ് മുന്‍ പ്രതിനിധിയായ 83 കാരന്‍ ഡോ. മുഹമ്മദ് അല്‍ ഖുദാരി ഗുരുതരാവസ്ഥയിലാണെന്ന് മൂസ അബു മര്‍സൗഖ് ട്വീറ്റ് ചെയ്തു. യാതൊരു കുറ്റവും ചുമത്താതെയാണ് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ മകന്‍ ഹാനിയെയും മറ്റ് ഫലസ്തീനികളെയും തടവിലാക്കിയിരിക്കുന്നതെന്നും മര്‍സൗഖ് കൂട്ടിച്ചേര്‍ത്തു. മാനുഷിക പരിഗണന വച്ച് അവരെ ഉടന്‍ മോചിപ്പിക്കണമെന്നും അദ്ദേഹം സൗദിയോട് ആവശ്യപ്പെട്ടു.

'ജയിലില്‍ വേണ്ടത്ര ആരോഗ്യ സംരക്ഷണമില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായി. വലതുകാല്‍ ചലിപ്പിക്കാനുള്ള ശേഷി ഭാഗികമായി നഷ്ടപ്പെട്ടു. അദ്ദേഹത്തിന് ഭക്ഷണം കഴിക്കാന്‍ പോലും മകന്റെ സഹായം വേണം', മര്‍സൗഖ് ട്വീറ്റ് ചെയ്തു. ഫലസ്തീനികളെ ലക്ഷ്യം വച്ചുള്ള വലിയ പ്രചരണത്തിന്റെ ഭാഗമായി 2019 ഏപ്രില്‍ നാലിനാണ് അല്‍ ഖുദാരിയെ മകനോടൊപ്പം കസ്റ്റഡിയിലെടുത്തത്.

അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷം അല്‍ ഖുദാരിയെയും മകന്‍ ഹാനിയെയും പ്രത്യേക ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. അഭിഭാഷകനെ നിഷേധിച്ചത് ഉള്‍പ്പെടെ നിയമപരമായ നടപടിക്രമങ്ങളുടെ കടുത്ത ലംഘനങ്ങളാണ് വിചാരണാ വേളയില്‍ അവര്‍ക്ക് ഉണ്ടായതെന്നും ആംനസ്റ്റി പറയുന്നു. അറസ്റ്റിലായ സമയത്ത് അല്‍ ഖുദാരി ക്യാന്‍സര്‍ ചികിത്സയിലായിരുന്നുവെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ കൂട്ടിച്ചേര്‍ത്തു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top