News Desk

2021-04-09 03:21:24 pm IST

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വാക്സിനേഷന്‍ പദ്ധതി വിപുലപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. 'ക്രഷിങ് കര്‍വ്' എന്ന പേരില്‍ കൂട്ടമായ വാക്സിനേഷന്‍ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. 

യോഗ്യരായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കും. ആവശ്യമുള്ളത്രയും വാക്സിന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കുമെന്നും മന്ത്രി പറഞ്ഞു. 

'60 വയസ്സിന് മുകളില്‍ പ്രായമുള്ള നല്ല ശതമാനം ആളുകള്‍ക്കും വാക്സിന്‍ നല്‍കി. ശേഷിക്കുന്നവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ വാക്സിന്‍ ഉറപ്പുവരുത്തും. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച തരത്തിലാവും വാക്സിന്‍ വിതരണത്തിലെ മുന്‍ഗണന.', മന്ത്രി പറഞ്ഞു.

'സംസ്ഥാനത്ത് 11 ശതമാനം പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് സിറോ സര്‍വേ വ്യക്തമാക്കുന്നത്. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ 89 ശതമാനം പേര്‍ക്ക് രോഗം ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. കൊവിഡ് വ്യാപനം മുന്നില്‍ കണ്ട് ശക്തമായ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തും. എല്ലാ ആശുപത്രികളിലും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ആവശ്യമെങ്കില്‍ സി.എഫ്.എല്‍.ടികള്‍ സജ്ജീകരിക്കും.', മന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് വലിയ ആള്‍ക്കൂട്ടം ഉണ്ടായി. പലസ്ഥലങ്ങളിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കപ്പെട്ടില്ലെ. ഏപ്രില്‍ മാസം നിര്‍ണായകമാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top