News Desk

2021-10-15 08:53:33 pm IST

ന്യൂഡല്‍ഹി: ഡങ്കിപ്പനി പിടിച്ച് ആരോഗ്യനില മോശമായി എയിംസില്‍ കഴിയുന്ന മന്‍മോഹന്‍ സിങ്ങിനെ കാണാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡ്വ്യ എത്തിയത് ഫോട്ടോഗ്രാഫറുമായി. ഇത് കുടുംബത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കി.  

അണുബാധക്ക് സാധ്യതയുള്ളതിനാല്‍ ഫോട്ടോഗ്രാഫര്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് പുറത്തു പോകണമെന്ന മന്‍മോഹന്റെ ഭാര്യ ഗുര്‍ശരണ്‍ കൗര്‍ ആവശ്യപ്പെട്ടു. 'ഇത് കാഴ്ച ബംഗ്ലാവല്ലെ'ന്നും തന്റെ മാതാപിതാക്കള്‍ പ്രായം ചെന്നവരാണെന്നും മകള്‍ ദമന്‍സിങ് തുറന്നടിച്ചു.

ഡങ്കിപ്പനി കടുത്തതിനാല്‍ മമോഹന്‍സിങ്ങിന് രക്തത്തിലെ കൗണ്ട് കുറവാണ്. രണ്ട് വാക്‌സിന്‍ എടുത്തിട്ടും രണ്ടാം തരംഗത്തിനിടയില്‍ അദ്ദേഹത്തിന് കൊവിഡ് വന്നതാണ്. അത്രമേല്‍ സൂക്ഷിക്കേണ്ടതിനാല്‍ സന്ദര്‍ശകരെ ആശുപത്രി മുറിയിലേക്ക് അനുവദിക്കുന്നില്ല. അതിനിടയിലാണ് ഫോട്ടോഗ്രാഫര്‍ സഹിതം മന്ത്രി എത്തിയത്.

മോശം സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാന്‍ മാതാപിതാക്കള്‍ ശ്രമിക്കുമ്പോഴാണ് അവരെ അസ്വസ്ഥരാക്കിയ പെരുമാറ്റമെന്ന് ദമന്‍സിങ് പറഞ്ഞു. സന്ദര്‍ശനത്തില്‍ സന്തോഷമുണ്ട്. എന്നാല്‍ സൂക്ഷ്മത വേണ്ട സന്ദര്‍ഭമാണ്.

കേന്ദ്ര ആരോഗ്യ മന്ത്രി എയിംസിന്റെ പ്രസിഡന്റു കൂടിയാണ്. അതിപ്രധാന വ്യക്തികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ ചെന്നു കാണുന്നത് പതിവ് കീഴ്‌വഴക്കവുമാണ്. ചികില്‍സയിലോ പരിചരണത്തിലോ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ കൂടിയാണ് അത്തരം സന്ദര്‍ശനം. എന്നാല്‍ ഫോട്ടോഗ്രാഫറുമായി എത്തിയത് എന്താണെന്നതടക്കം ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണമൊന്നുമില്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top