News Desk

2021-04-13 04:22:30 pm IST
ദോഹ: റമദാന്‍ മാസത്തില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് മുന്നറിയിപ്പുമായി ഖത്തര്‍ അധികൃതര്‍. റമദാനില്‍ ഒത്തു ചേരലുകള്‍ ഒഴിവാക്കണമെന്നും ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

കൊവിഡിനെതിരെ പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ സാംക്രമിക രോഗ നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ഡോ. ഹമദ് അല്‍ റുമൈഹി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

കൊവിഡ് വെല്ലുവിളികള്‍ക്കിടയിലാണ് രാജ്യം റമദാനെ വരവേല്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ എല്ലാവരും വൈറസ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലാമണിയും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

മഹമാരി അവസാനിക്കുന്നത് വരെ കുടുംബ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും ഒത്തു ചേരലുകള്‍ പാടില്ലെന്നും അവര്‍ പറഞ്ഞു. പ്രായമായവരെയും പ്രതിരോധ ശേഷി കുറഞ്ഞവരെയും പ്രതിരോധ കുത്തിവയ്പ്പിലൂടെ വൈറസ് ബാധയില്‍ നിന്നും സംരക്ഷിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് യു.കെ വകഭേദം പടരുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ സ്വീകരിക്കാത്ത എല്ലാവര്‍ക്കും എത്രയും വേഗം വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഖത്തര്‍ നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിയിലെ ഉദ്യോഗസ്ഥന്‍ ഡോ. ഹനാദി അല്‍ ഹമദ് പറഞ്ഞു. വൈറസ് പടരാതിരിക്കാന്‍ പ്രതിരോധ നടപടികള്‍ പിന്തുടരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top