ദുബായ്: കാലാവസ്ഥാമാറ്റങ്ങളുണ്ടാകുമ്പോള് ഡ്രൈവിങിന് കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (ആര്.ടി.എ.) മുന്നറിയിപ്പ്. ഈയാഴ്ച യു.എ.ഇ.യില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പുനല്കിയതിന്റെ പശ്ചാത്തലത്തിലാണ് ആര്.ടി.എ. സുരക്ഷാവ്യവസ്ഥകള്‍ വ്യക്തമാക്കിയിട്ടുള്ളത്.
മഴക്കാലത്ത് വാഹനാപകടസാധ്യത കൂടുതലായതിനാല്‍ ജനങ്ങള്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ തയ്യാറാകണമെന്ന് ആര്.ടി.എ. സി.ഇ.ഒ. മൈത ബിന്‍ അതായ് പറഞ്ഞു. ഇതിനായി സജീവമായ ബോധവത്കരണമാണ് ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി നടത്തുന്നത്. സമൂഹത്തിലെ എല്ലാ തുറകളിലേക്കും ഇവയെത്തിക്കുന്നതിന് അറബിക്കിന് പുറമെ ഇംഗ്ലീഷ് ഭാഷയിലും ബോധവത്കരണം നടത്തുന്നതായും അവര്‍ അറിയിച്ചു.