News Desk

2021-02-02 06:15:40 pm IST
അബുദാബി: പ്രധാനമായും അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ എളുപ്പമെന്ന് ഷാര്‍ജ അധികൃതര്‍. ടെസ്റ്റ് നടപടികള്‍ ലഘൂകരിക്കാനുള്ള പുതിയ സംവിധാനവും  ഉടന്‍ പ്രാബല്യത്തിലാകും. ഡ്രൈവിങ് ടെസ്റ്റ് പരാജയപ്പെടാതിരിക്കാന്‍ പ്രധാനകാരണം അഞ്ച് അപാകതകളില്‍ ഏതെങ്കിലുമൊന്നാണ്. ഇതു ശ്രദ്ധിച്ച് ആത്മവിശ്വാസത്തോടെ ഓടിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സ് ഉറപ്പാണെന്നു ഷാര്‍ജ പൊലീസ് പറയുന്നു.

20 മിനിറ്റ് ദൈര്‍ഘ്യമുള്ള റോഡ് ടെസ്റ്റില്‍ പരിഭ്രമവും സമ്മര്‍ദവും ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഡ്രൈവിങ്ങിനിടെ ഗുരുതരമായ വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങളും കടന്നു വരരുത്. വാഹനത്തിന്റെ നിയന്ത്രണം കൈവിട്ട് പോകുന്ന പ്രവൃത്തികളാണ് ടെസ്റ്റ് പരാചയപ്പെടുന്നതിലെ മറ്റൊരു കാരണം.

ട്രാഫിക് സിഗ്‌നലുകള്‍ അവഗണിക്കുക, വളയം പിടിക്കുന്നതോടൊപ്പം വഴിയറിഞ്ഞ് ഓടിക്കാന്‍ കഴിയാതിരിക്കുക, ഓടുന്ന ലൈന്‍മാറുന്നതില്‍ വീഴ്ച പറ്റുക എന്നിവയാണ് പരാജയപ്പെടാനുള്ള പ്രധാന കാരണങ്ങളായി ഷാര്‍ജ പൊലീസ് എടുത്തുകാണിക്കുന്നത്.

ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ പ്രായം ഒരു തടസ്സമല്ല. ഓരോ വാഹന ഇനത്തിന് അനുക്രമമായി അപേക്ഷകന്റെ പ്രായവും നിശ്ചയിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങളുടെയും ദൃഢനിശ്ചയക്കാരുടെ പ്രത്യേക വാഹനവും ഓടിക്കാനുള്ള ലൈസന്‍സ് ലഭിക്കാന്‍ പ്രായം പതിനേഴാണ്.

ലഘു വാഹന ലൈസന്‍സ് നേടാനുള്ള കുറഞ്ഞ പ്രായപരിധി 18 ആണ്. എന്നാല്‍ ഹെവി വാഹനങ്ങളും ട്രാക്റ്ററുകളും ഓടിക്കാനുള്ള ലൈസന്‍സ് ലഭിക്കണമെങ്കില്‍ ഇരുപത് വയസ്സാകണം. ബസ് ഡ്രൈവിങ് ലൈസന്‍സിനു 21 വയസ്സാണ് കുറഞ്ഞ പ്രായപരിധി നിശ്ചയിച്ചത്. ദൃഢനിശ്ചയക്കാര്‍ക്ക് അവരുടെ വാഹനങ്ങളില്‍ തന്നെ ടെസ്റ്റ് നടത്തി പ്രാപ്തി പരിശോധിക്കും.

ഡ്രൈവിങ് ടെസ്റ്റ് നടപടികള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി അപേക്ഷകനു സൗകര്യപ്രദമായ ടെസ്റ്റ് കേന്ദ്രം തിരഞ്ഞെടുക്കാം.  ഈ പുതിയ സംവിധാനം ഉടന്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.  ഡ്രൈവിങ് ടെസ്റ്റിനുള്ള  തീയതിയും സ്ഥലവും അപേക്ഷകനു  തീരുമാനിക്കാനാകും. താമസിക്കുന്ന സ്ഥലത്തിനു തൊട്ടടുത്തുള്ള പരിശോധനാ കേന്ദ്രം  തിരഞ്ഞെടുക്കാന്‍ അപേക്ഷകനു അവസരമൊരുക്കുന്നതാണു പുതിയ സംവിധാനം.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top