News Desk

2021-06-22 04:52:07 pm IST

കൊച്ചി: ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഡയറിഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ്, സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തില്‍ നിന്ന് ബീഫ് അടക്കമുള്ള മാംസാഹാരങ്ങള്‍ ഒഴിവാക്കുനുള്ള ഉത്തരവുകളാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.

ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ലക്ഷദ്വീപ് സ്വദേശി അജ്മല്‍ അഹമ്മദ് നല്‍കിയ പൊതുതാല്‍പ്പര്യ ഹരജിയിലാണ് ഉത്തരവ്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഈ രണ്ട് വിവാദ ഉത്തരവുകളിലും തുടര്‍ നടപടികള്‍ ഉണ്ടാകരുതെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതുവരെ തുടര്‍ നടപടികള്‍ ഉണ്ടാകരുതെന്നാണ് നിര്‍ദേശം. ഇപ്പോള്‍ സ്റ്റേ ചെയ്ത രണ്ട് വിവാദ ഉത്തരവുകളെയും കുറിച്ചുള്ള പൊതുതാല്‍പ്പര്യ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു.

കേന്ദ്ര സര്‍ക്കാരിന് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനുള്ള സാവകാശം കോടതി നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ച ഹരജി വീണ്ടും പരിഗണിക്കും. അതുവരെ ഈ രണ്ട് ഉത്തരവുകളിലും തുടര്‍ നടപടികള്‍ ഉണ്ടാകരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top