News Desk

2021-04-02 06:10:39 pm IST
തിരുവനന്തപുറം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ മതം മാറ്റം നടക്കുന്നത് ഹിന്ദുമതത്തിലേക്കാണെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഗസറ്റുകളിലെ രേഖകള്‍ മുന്‍നിര്‍ത്തിയാണ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2020-ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം മതം മാറ്റത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത് ഹിന്ദു മതമാണ്. 

2020-ല്‍ സംസ്ഥാനത്ത് നടന്ന മതംമാറ്റങ്ങളില്‍ 47 ശതമാനവും ഹിന്ദുമതത്തിലേക്കായിരുന്നു. 2020-ല്‍ ആകെ 506 പേരാണ് മതം മാറ്റത്തിനായി സംസ്ഥാന ഗസറ്റില്‍ പരസ്യം ചെയ്തിട്ടുള്ളത്. ഇതില്‍ 241 പേര്‍ ക്രിസ്ത്യന്‍, ഇസ്‌ലാം മതങ്ങളില്‍നിന്ന് ഹിന്ദുമതത്തിലേക്കു മാറിയവരാണ്. 144 പേര്‍ ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ 119 പേര്‍ ക്രിസ്തുമതത്തിലേക്ക് മാറി.

ഔദ്യോഗികമായി മതം മാറിയവര്‍, പ്രായപൂര്‍ത്തിയായവരായാലും അല്ലെങ്കിലും ഗസറ്റില്‍ പരസ്യം ചെയ്യണമെന്നാണ് നിയമം. 

2020-ല്‍ ഹിന്ദുമതത്തിലേക്കു മാറിയവരില്‍ 72 ശതമാനവും ദലിത് ക്രിസ്ത്യാനികളാണ്. ക്രിസ്ത്യന്‍ ചേരമര്‍, ക്രിസ്ത്യന്‍ സാംബവ, ക്രിസ്ത്യന്‍ പുലയര്‍ എന്നിവരാണ് ഹിന്ദുമതത്തിലേക്കു മാറിയത്. സംവരണ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടത് കാരണമാകണം അവര്‍ ഹിന്ദുമതം സ്വീകരിച്ചതെന്നാണ് നിഗമനം.

32 മുസ്‌ലിംകളും ഹിന്ദുമതം സ്വീകരിച്ചു. ക്രിസ്തുമതം ഉപേക്ഷിച്ച് മറ്റു രണ്ട് മതങ്ങളിലേക്ക് മാറിയിരിക്കുന്നത് 242 പേരാണ്. രണ്ടു പേര്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു. ഇസ്‌ലാം സ്വീകരിച്ചവരില്‍ 77 ശതമാനവും ഹിന്ദുമതത്തില്‍ നിന്നുള്ളവരാണ്. അതില്‍ 63 ശതമാനവും സ്ത്രീകളാണ്. 

ഈഴവ, തിയ്യ, നായര്‍ സമുദായങ്ങളില്‍ നിന്നാണ് ഇവരില്‍ ഭൂരിഭാഗവും ഇസ്‌ലാം മതത്തിലെത്തിയത്. 25 ഈഴവര്‍, ഇതില്‍ 13 പേര്‍ സ്ത്രീകളാണ്, 11 സ്ത്രീകള്‍ ഉള്‍പ്പെടെ 17 തിയ്യരും, 12 സ്ത്രീകള്‍ ഉള്‍പ്പെടെ 17 നായമ്മാരും ഇസ്‌ലാം മതം സ്വീകരിച്ചു. ക്രിസ്തുമതം ഉപേക്ഷിച്ച് ഇസ്‌ലാമിലേക്ക് എത്തിയ 33 പേരില്‍ ഒന്‍പതു പേര്‍ സിറിയന്‍ കത്തോലിക്കരാണ്. ഇതില്‍ രണ്ടു പേര്‍ വനിതകളാണ്.

അതേസമയം, കേരളത്തില്‍ ലൗ ജിഹാദ് സംഭവങ്ങള്‍ കൂടിയെന്നും ഇതിനെതിരെ ഉത്തര്‍പ്രദേശ് മാതൃകയില്‍ നിയമ നിര്‍മാണം നടത്തണമെന്നും കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. 

മതപരിവര്‍ത്തനത്തിനെതിരെ യു.പി മോഡല്‍ നിയമനിര്‍മ്മാണം കൊണ്ടുവരുമെന്നായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. എന്നാല്‍ ഇതിനു വിരുദ്ധമായ റിപ്പോര്‍ട്ട് ആണ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ടിരിക്കുന്നത്.


ALSO WATCH



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top