News Desk

2021-04-12 11:20:13 am IST
ദോഹ: റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്.എം.സി). എച്ച്.എം.സിക്കു കീഴിലുള്ള എല്ലാ ആശുപത്രികളിലെയും എല്ലാ അടിയന്തിര, ഇന്‍പേഷ്യന്റ് സേവനങ്ങളും റമദാന്‍ മാസത്തില്‍ സാധാരണ രീതിയില്‍ 24 മണിക്കൂറും ആഴ്ചയില്‍ ഏഴു ദിവസവും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. 

റമദാന്‍ മാസത്തില്‍ കൊവിഡ്  ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 16000 എല്ലാ ദിവസവും 24 മണിക്കൂറും ആഴ്ചയില്‍ ഏഴു ദിവസവും പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

എച്ച്.എം.സിയുടെ ഒ.പി.ഡി വെര്‍ച്വല്‍ ക്ലിനിക്കുകള്‍ എച്ച്.എം.സി അടിയന്തര കണ്‍സള്‍ട്ടേഷന്‍ ക്ലിനിക്കുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കും. ഞായറാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ രോഗികള്‍ക്ക് വെര്‍ച്വല്‍ അപ്പോയ്ന്‍മെന്റുകള്‍ക്കായി വിളിക്കാവുന്നതാണ്.

മാനസികാരോഗ്യ ഹെല്‍പ്പ്‌ലൈന്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയും രാത്രി ഒന്‍പത് മുതല്‍ രണ്ട് വരെയും ശനിയാഴ്ച മുതല്‍ വ്യാഴം വരെയും വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും ലഭ്യമാണ്. 

എച്ച്.എം.സി ഫാര്‍മസി മെഡിക്കേഷന്‍ ഹോം ഡെലിവറി സേവനം ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു മണി വരെ ലഭ്യമാകും. വെള്ളിയാഴ്ചകളില്‍ അവധിയായിരിക്കും. സേവനം ലഭ്യമാകാന്‍ 40260759 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 

എച്ച്എംസി ഡയബറ്റിസ് ഹോട്ട്ലൈന്‍ ആഴ്ചയില്‍ ഏഴു ദിവസവും രാവിലെ എട്ടു മുതല്‍ വൈകുന്നേരം 5.30 വരെയും രാത്രി 7.30 മുതല്‍ രാത്രി 11 വരെയും പ്രവര്‍ത്തിക്കും.

ഹമദ് ജനറല്‍ ആശുപത്രിക്ക് അടുത്തുള്ള രക്തദാതാക്കളുടെ കേന്ദ്രം ശനിയാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒരു മണി വരെയും വൈകുന്നേരം ആറു മുതല്‍ രാത്രി 12 വരെയും പ്രവര്‍ത്തിക്കും.

അതേസമയം, സര്‍ജിക്കല്‍ സ്‌പെഷ്യാലിറ്റി സെന്ററിന് അടുത്തുള്ള ഔട്ട്പേഷ്യന്റ് ഡിപ്പാര്‍ട്ട്മെന്റിന് എതിര്‍വശത്തുള്ള പുതിയ രക്ത ദാതാക്കളുടെ കേന്ദ്രം ശനിയാഴ്ച മുതല്‍ വ്യാഴം വരെ വൈകുന്നേരം ആറു മുതല്‍ രാത്രി 12 വരെയായിരിക്കും പ്രവര്‍ത്തിക്കുക.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top