News Desk

2021-03-18 01:34:52 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗികളെ പിന്തുണയ്ക്കുന്നതിനായി കേന്ദ്രീകൃത ഹോം ഐസോലേഷന്‍ സേവനമൊരുക്കി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍. എച്ച്.എം.സിക്കു കീഴിലുള്ള പകര്‍ച്ചവ്യാധി കേന്ദ്രമാണ് (സി.ഡി.സി) ഈ കേന്ദ്രങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്. 

ഹോം ഐസൊലേഷന്‍ ആവശ്യമുള്ളവരും എന്നാല്‍, വീട്ടില്‍ അതിന് സൗകര്യമില്ലാത്തവരുമായ രോഗികളെയാണ് ഇവിടേക്ക് പരിഗണിക്കുന്നത്. ആശുപത്രികളില്‍ രോഗികളുടെ എണ്ണം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.

കൊവിഡ് ബാധിച്ചവരെ ഐസോലേറ്റ് ചെയ്യുകയെന്നതാണ് വൈറസ് വ്യാപനം തടയാനുള്ള സുപ്രധാന നടപടിയെന്ന് സി.ഡി.സി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലാമണി പറഞ്ഞു. രാജ്യത്ത് കൊവിഡ് വ്യാപനം തുടങ്ങിയതിനു ശേഷം 12 മാസമായി ഇത് നല്ല രീതിയില്‍ തുടരാന്‍ ഖത്തറിന് സാധിച്ചിട്ടുണ്ടെന്നും മുന അല്‍ മസ്ലാമണി പറഞ്ഞു. 

കൊവിഡ് കേസുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍, ഐസോലേഷന്‍ ചെയ്യേണ്ട ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രീകൃത സംവിധാനം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍, വീട്ടില്‍ അറ്റാച്ച്ഡ് ടോയ്ലെറ്റ് സൗകര്യത്തോടെയുള്ള പ്രത്യേക മുറിയുള്ളവര്‍ക്ക് അവിടെ തന്നെ ഐസോലേഷനില്‍ കഴിഞ്ഞാല്‍ മതിയെന്നും ഡോ. മുന പറഞ്ഞു.

പ്രത്യേക കൊവിഡ് ആശുപത്രികള്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍, സിദ്ര മെഡിസിന്‍, പീഡിയാട്രിക് എമര്‍ജന്‍സി സെന്ററുകള്‍, ഐസൊഷന്‍ സര്‍വീസ് കമാന്‍ഡ് സെന്റര്‍ എന്നിവയുള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നാണ് കൊവിഡ് പോസിറ്റീവ് കേസുകളെ കേന്ദ്രീകൃത ഹോം ഐസോലേഷന്‍ കേന്ദ്രത്തിലേക്ക് അയക്കുന്നത്. 

കാര്യമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരും ആശുപത്രി ചികില്‍സ ആവശ്യമില്ലാത്തവരും വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ടവരുമായ കൊവിഡ് രോഗികളെയാണ് ഇവിടേക്ക് അയക്കുക.

കേന്ദ്രീകൃത ഹോം ഐസൊലേഷനിലുള്ളവരെ മെഡിക്കല്‍ സംഘം ടെലിഫോണില്‍ ബന്ധപ്പെടുകയും ആവശ്യമാണെങ്കില്‍ അവര്‍ക്ക് വൈദ്യസഹായം നല്‍കുകയും ചെയ്യും. 

കൂടാതെ, രോഗികള്‍ക്ക് 24 മണിക്കൂറും ഡോക്ടറുമായി സംസാരിക്കാന്‍ സി.ഡി.സി ഹോം ഐസോലേഷന്‍ ഹോട്ട്ലൈന്‍ നമ്പറായ 4025 1666 ല്‍ വിളിക്കാമെന്നും ഡോ. അല്‍ മസ്ലാമണി വിശദീകരിച്ചു. ഇത്തരം കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിക്കണം. ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് അതിലെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top