ദോഹ: ഖത്തറിലെ അല്‍ വക്ര ആശുപത്രിയിലെ വനിതാ അത്യാഹിത വിഭാഗം ഇതേ ആശുപത്രിയിലെ പീഡിയാട്രിക് എമര്‍ജന്‍സി വിഭാഗത്തിലേക്ക് താല്‍ക്കാലികമായി മാറ്റുന്നതായി ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് (എച്ച്.എം.സി) അറിയിച്ചു.
നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതുവരെ പുതുതായി ഏര്‍പ്പെടുത്തിയ താല്‍ക്കാലിക സ്ഥലത്ത് വനിതാ അത്യാഹിത വിഭാഗത്തിലെ രോഗികള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഫെബ്രുവരി എട്ടു മുതല്‍ തുടര്‍ച്ചയായി രണ്ട് മാസത്തേക്കാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതിനുശേഷം നിലവിലുള്ള സ്ഥലത്ത് തന്നെ പതിവ് സേവനങ്ങള്‍ പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വനിതാ അത്യാഹിത വിഭാഗം പ്രതിദിനം 80-120 രോഗികള്‍ക്ക് ചികിത്സ നല്‍കുന്നുണ്ടെന്ന് അല്‍ വക്ര ആശുപത്രിയിലെ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലോല്‍വ അല്‍ അന്‍സാരി പറഞ്ഞു.
സ്ത്രീകള്‍ക്ക് അടിയന്തിര പ്രസവ, ഗൈനക്കോളജിക്, മറ്റ് മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്ക് താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ സ്ഥലത്ത് 24 മണിക്കൂറും സേവനങ്ങള്‍ ലഭ്യമാണെന്നും അവര്‍ പറഞ്ഞു. പീഡിയാട്രിക് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് ഫാര്‍മസിയില്‍ സ്ത്രീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഭ്യമാക്കും.
ഫെബ്രുവരി എട്ടിന്, ഡിപ്പാര്‍ട്ട്മെന്റില്‍ പരിചരണം തേടുന്ന രോഗികള്‍ താല്‍ക്കാലിക സ്ഥലത്തെത്താന്‍ ഗേറ്റ് നമ്പര്‍ രണ്ടിന് പകരം ഗേറ്റ് നമ്പര്‍ ആറിലേക്ക് പോകേണ്ടതാണ്.
അതേസമയം, വനിതാ അത്യാഹിത വിഭാഗത്തിന്റെ താല്‍ക്കാലിക മാറ്റം പീഡിയാട്രിക് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിലെ സേവനങ്ങളെ ബാധിക്കില്ല. പീഡിയാട്രിക് സേവനങ്ങള്‍ പതിവു പോലെ ലഭ്യമാകും. വനിതാ വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് പ്രത്യേക പ്രവേശന കവാടം ഉണ്ടായിരിക്കും.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക