News Desk

2021-03-04 08:01:14 pm IST


ദോഹ: ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്തതിനു ശേഷം വിമാന സര്‍വീസ് മുടങ്ങിയതിനാലും ക്വാറന്റൈന്‍ നിയമത്തില്‍ വന്ന മാറ്റങ്ങള്‍ കാരണമായും ബുക്കിംഗ് റദ്ദാക്കേണ്ടി വന്നവര്‍ക്ക് പണം തിരിച്ചുനല്‍കിയതായി ഡിസ്‌ക്കവര്‍ ഖത്തര്‍. അര ലക്ഷത്തിലേറെ പേര്‍ക്കാണ് ഈ രീതിയില്‍ ഹോട്ടല്‍ ബുക്കിംഗ് വേളയില്‍ നല്‍കിയ പണം തിരിച്ച് നല്‍കിയത്. 

ഇക്കാര്യത്തില്‍ യാത്രക്കാര്‍ കാണിച്ച ക്ഷമയക്കും സഹകരണത്തിനും നന്ദി അറിയിക്കുന്നതായും അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വറന്റൈന്‍ നിര്‍ബന്ധമാക്കിയതിനു ശേഷം ഖത്തറില്‍ ഇതുവരെയായി 3,30,000 പേര്‍ക്ക് ഇതിനുള്ള സൗകര്യം ഒരുക്കിയതായും ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു. 

2020 ജൂലൈ മുതല്‍ 2021 ജനുവരി വരെയുള്ള കണക്കാണിത്. മൂന്ന് നേരത്തെ ഭക്ഷണം, പി.സി.ആര്‍ ടെസ്റ്റ്, വിമാനത്താവളത്തില്‍ നിന്നുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉള്‍പ്പെടെ 2,036 റിയാലാണ് ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കിയത്. തെരഞ്ഞെടുക്കപ്പെട്ട 65 ഹോട്ടലുകളിലായി 9,500 മുറികള്‍ ക്വാറന്റൈന് വേണ്ടി സജ്ജമാക്കി. 

ആളുകളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഹോട്ടലുകള്‍ തെരഞ്ഞെടുക്കാന്‍ ഇതുവഴി സാധിച്ചു. ഏറ്റവും കുറഞ്ഞ ചെലവില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ സൗകര്യമൊരുക്കിയ മേഖലയിലെ രാജ്യം ഖത്തറാണ്. രാജ്യത്തേക്ക് മടങ്ങുന്നവര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന് 240-ലേറെ ജീവനക്കാരാണ് ഹോട്ടല്‍ ക്വാറന്റൈനുമായി ബന്ധപ്പെട്ട സേവനങ്ങളില്‍ ഏര്‍പ്പെട്ടതെന്നും ഡിസ്‌കവര്‍ ഖത്തര്‍ വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top