News Desk

2022-01-18 02:58:41 pm IST
അബുദാബി: ഇന്നലെ അബുദാബിയിലുണ്ടായ ഹൂതി ആക്രമണത്തില്‍  മരിച്ച ഇന്ത്യന്‍ പ്രവാസികളെ തിരിച്ചറിഞ്ഞതായി അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുവരികയാണെന്നും മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ അഡ്‌നോക്  ഉള്‍പ്പെടെയുള്ള  യു.എ.ഇ അധികൃതരുമായി ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും എംബസി ട്വീറ്റ് ചെയ്തു.

അതേസമയം, മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എംബസിയോ യു.എ.ഇ അധികൃതരോ പുറത്തുവിട്ടിട്ടില്ല. രണ്ട് ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു പാകിസ്ഥാന്‍ സ്വദേശിയും ഇന്നലെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് പേരും അഡ്‌നോക്കിലെ ജീവനക്കാരാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ ആറ് പേരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരണെന്നും എംബസി സ്ഥിരീകരിച്ചു. ഇവരെ കഴിഞ്ഞ ദിവസം രാത്രി തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

ഇന്നലെയാണ് അബുദാബിയില്‍ രണ്ടിടങ്ങളില്‍ സ്‌ഫോടനമുണ്ടായത്. രാവിലെ 10 മണിയോടെ മുസഫയിലും അബുദാബി വിമാനത്താവളത്തിന് സമീപത്തുള്ള നിര്‍മാണ മേഖലയിലുമായിരുന്നു സ്‌ഫോടനങ്ങള്‍. മുസഫയില്‍ മൂന്ന് പേര്‍ മരണപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുസഫയില്‍ അഡ്‌നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡില്‍ മൂന്ന് എണ്ണ ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്. ഉടന്‍ തന്നെ തീ പിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചു.

യെമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണമാണ് സ്‌ഫോടനങ്ങള്‍ക്ക് കാരണമായതെന്ന് രാത്രിയോടെ യു.എ.ഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഭീകരാക്രമണത്തോടും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളോടും പ്രതികരിക്കാന്‍ യു.എ.ഇക്ക് എല്ലാ അവകാശവുമുണ്ടെന്ന് വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH



Top