News Desk

2021-03-04 03:00:47 pm IST
റിയാദ്: സൗദിക്ക് നേരെ ഇറാന്റെ പിന്തുണയോടെ ഹൂത്തികള്‍ നടത്തുന്ന ആക്രമണവും ഭീഷണിയും നിര്‍ത്തലാക്കാന്‍ നടപടി വേണമെന്ന് സൗദി അറേബ്യ യു.എന്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. 

യു.എന്നിലെ സൗദി അറേബ്യന്‍ പ്രതിനിധി അംബാസഡര്‍ അബ്ദുല്ല ബിന്‍ യഹ്യ അല്‍ മുഅലമി രക്ഷാസമിതിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സൗദി അറേബ്യക്കെതിരെ ഹൂതികളുടെ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും കത്തയച്ചിരിക്കുന്നത്.

അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും എതിരെയാണ് ഹൂത്തികള്‍ ആക്രമണം നടത്തുന്നതെന്നും വിഷയത്തില്‍ സമഗ്രമായ പരിഹാരമാണ് സൗദി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞമാസം അബ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ ഹൂത്തികളുടെ ആക്രമണയുണ്ടായപ്പോഴും നടപടി ആവശ്യപ്പെട്ട് സൗദി അറേബ്യ രക്ഷാസമിതിക്ക് കത്തയച്ചിരുന്നു. 

അതേസമയം, യമനില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുന്നത് സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിലെത്താനുള്ള യു.എന്നിന്റെ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് യു.എന്‍ പ്രതിനിധി കത്തില്‍ വ്യക്തമാക്കി.

ഫെബ്രുവരി 27ന് ഹൂത്തികള്‍ സൗദിക്കെതിരെ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ റിയാദില്‍ ഒരു വീടിന് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. 

കഴിഞ്ഞദിവസം ജീസാന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ റോക്കറ്റ് വീണ് ചീളുകള്‍ പതിച്ച് അഞ്ചു സിവിലിയന്മാര്‍ക്ക് പരിക്കേറ്റു. കൂടാതെ, രണ്ടു വീടിനും ഒരു പല ചരക്കുകടക്കും സിവിലിയന്മാരുടെ മൂന്നു കാറുകള്‍ക്കും കേടുപാട് സംഭവിച്ചിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top