News Desk

2021-03-06 09:29:47 pm IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം കേന്ദ്ര ഏജന്‍സികളുടെ ആക്രമണത്തിന് ആക്കം കൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ നീക്കവും കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബിയെ കുഴിച്ചുമൂടാനാണ് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും മനോനില കടമെടുത്ത് കേന്ദ്ര ഏജന്‍സികള്‍ രംഗത്തുവന്നിരിക്കുന്നത്. കസ്റ്റംസാണ് പ്രചാരണ പദ്ധതി നയിക്കുന്നത്. നവംബറില്‍ പ്രതി നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സത്യവാങ്മൂലം നല്‍കിയത്. പ്രസ്താവന കൊടുത്ത കസ്റ്റംസ് കമ്മീഷണര്‍ കേസില്‍ എതിര്‍കക്ഷി പോലുമല്ല. കേട്ടുകേള്‍വി ഇല്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. കസ്റ്റംസ് ചട്ടം ലംഘിച്ചതായി പിണറായി വിജയന്‍ ആരോപിച്ചു.

വിവിധ ഏജന്‍സികളുടെ കസ്റ്റഡിയില്‍ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റിനും എന്‍.ഐ.എയ്ക്കും നല്‍കാത്ത മൊഴി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വന്നപ്പോള്‍ മാത്രം പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം എന്തായിരിക്കണം?. പ്രസ്താവന കൊടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കസ്റ്റംസും പിന്നില്‍ പ്രവര്‍ത്തിച്ചവരും ഇക്കാര്യം വെളിപ്പെടുത്തേണ്ടതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

വകുപ്പ് 164 പ്രകാരം മജിസ്ട്രേറ്റിന് മുന്‍പാകെ നല്‍കുന്ന മൊഴി സാധാരണ അന്വേഷണ ഉദ്യോഗസ്ഥന് മാത്രമേ ലഭിക്കുകയുള്ളു. നിയമവശം ഇങ്ങനെയായിരിക്കേ, കസ്റ്റംസ് കമ്മീഷണര്‍ മന്ത്രിമാരെയും മറ്റും അപകീര്‍ത്തിപ്പെടുത്തുക എന്ന തെരഞ്ഞടുപ്പ് ലക്ഷ്യത്തോടെയാണ് രംഗത്തിറങ്ങിയത്. ഭരണ കക്ഷിയുടെ സങ്കുചിത താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമം. അതിനായി തങ്ങളുടെ കസ്റ്റഡിയിലുള്ള കക്ഷിയുടെ മാനസിക ചാഞ്ചല്യം മുതലെടുക്കാനാണ് ശ്രമം. ഇത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും പിണറായി പറഞ്ഞു. 

വി. മുരളീധരന്‍ വിദേശകാര്യ സഹമന്ത്രിയായതിന് ശേഷം എത്ര സ്വര്‍ണക്കടത്ത് നടന്നുവെന്നതിന് വല്ല കണക്കുമുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മന്ത്രി ചുമതലയില്‍ വന്ന ശേഷമല്ലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത് നടന്നത്. സ്വര്‍ണക്കടത്ത് നടന്നത് നയതന്ത്ര ചാനലിലൂടെയല്ല എന്ന് പറയാന്‍ പ്രതിയെ പ്രേരിപ്പിച്ച വ്യക്തിയുമായി ഇദ്ദേഹത്തിനുള്ള ബന്ധമെന്താണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. മുരളീധരന്റെ പേര് പറയാതെയായിരുന്നു മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. 

''ഇവിടെ കേന്ദ്ര വിദേശകാര്യവകുപ്പിന്റെ ചുമതലയിലുണ്ട് എന്ന് നാം വിശ്വസിക്കുന്ന ഒരു സഹമന്ത്രി ഇന്നും ചില കാര്യങ്ങള്‍ പറയുന്നതു കേട്ടു. മിഡില്‍ ഈസ്റ്റിന്റെ ചുമതലയാണ് അദ്ദേഹത്തിന് എന്നാണ് പറയുന്നത്. ഇദ്ദേഹം മന്ത്രിയായതിനുശേഷം എത്ര സ്വര്‍ണ്ണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമുണ്ടോ? ഈ മന്ത്രി ചുമതലയില്‍ വന്നതിനുശേഷമല്ലേ നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണക്കടത്ത് തുടങ്ങിയത്? കടത്തിയത് നയതന്ത്ര ബാഗിലല്ല എന്ന് പറയാന്‍ പ്രതിയെ പ്രേരിപ്പിച്ച വ്യക്തിയുമായി ഈ മന്ത്രിക്ക് എന്തെങ്കിലും ബന്ധമുണ്ടോ? മുഖ്യമന്ത്രി ചോദിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top