News Desk

2021-09-15 10:57:30 pm IST

ദോഹ: ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ലോകകപ്പ് ആയിരിക്കും ഖത്തറില്‍ നടക്കുക. ലോകകപ്പിനായി പണിത എട്ടു സ്റ്റേഡിയങ്ങളും കാര്‍ബണ്‍ രഹിത മാനദണ്ഡങ്ങള്‍ പിന്തുടരും. 

ഖത്തര്‍ നാഷണല്‍ വിഷന്‍ 2030-ന്റെ ഭാഗമായാണ് ലോകകപ്പ് ഒരുക്കങ്ങള്‍ എല്ലാം നടക്കുന്നതെന്ന് സുപ്രീം കമ്മിറ്റിയിലെ സുസ്ഥിരത-പരിസ്ഥിതി വിദഗ്ധനായ എഞ്ചിനീയര്‍ അബ്ദുള്‍റഹ്മാന്‍ അല്‍ മുഫ്ത പറഞ്ഞു. കാര്‍ബണ്‍-ന്യൂട്രാലിറ്റി നേടുന്നതിനു നാല് പ്രധാന ഘടകങ്ങള്‍ ചേരണമെന്നും അദ്ദേഹം പറഞ്ഞു.

''ഒന്നാമതായി, പൊതുജനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന പങ്കാളികളില്‍ അവബോധം വളര്‍ത്തേണ്ടത് ആവശ്യമാണ്. പദ്ധതിയെ കുറിച്ചു വിശദമായ ഒരു കണക്കുകൂട്ടല്‍ ഉണ്ടായിരിക്കണം. മൂന്നാമത്തെ ഘട്ടം കാര്‍ബണ്‍ ഉദ്വമനം പരിമിതപ്പെടുത്താനുള്ള നടപടികളാണ്. ഇത് നാലാമത്തെ ഘട്ടത്തിലേയ്ക്ക് നമ്മളെ എത്തിക്കും. ഖത്തര്‍ 2022 -മായി ബന്ധപ്പെട്ട ഹരിത പദ്ധതികളാണ് നാലാമത്തേത്.', അബ്ദുള്‍റഹ്മാന്‍ അല്‍ മുഫ്ത പറഞ്ഞു.

ടൂര്‍ണമെന്റ് നടക്കുന്ന സമയത്ത് ആരാധകര്‍, കളിക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒരു വിമാനത്താവളത്തിലാണ് വന്നിറങ്ങുക. ഒരേ താമസസ്ഥലത്ത് താമസിക്കുകയും ചെയ്യും. സ്റ്റേഡിയങ്ങള്‍ക്കിടയിലുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ദൂരം 75 കി.മീ ആണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ആരാധകര്‍ക്ക് ഒരു ദിവസം ചുരുങ്ങിയത് രണ്ട് മത്സരങ്ങള്‍ കാണാന്‍ അവസരമുണ്ട്. 

അഞ്ചു സ്റ്റേഡിയങ്ങള്‍ ദോഹ മെട്രോയുമായും മൂന്നു സ്റ്റേഡിയങ്ങള്‍ ബസ് സര്‍വീസുകളുമായും ബന്ധിപ്പിച്ചിരിക്കുന്നു. ഖത്തറിലെ ഹോട്ടല്‍ മേഖലയുമായി സഹകരിച്ച് കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിനുള്ള ഹരിത സമ്പ്രദായങ്ങളെ പ്രോത്സാഹിപ്പിക്കാനും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top