News Desk

2021-04-04 05:41:13 pm IST

ദുബൈ: ദുബൈയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന ഗ്യാസ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്കെതിരെ കേസെടുത്തു.  സ്‌ഫോടനത്തില്‍ ഇന്ത്യന്‍ പ്രവാസിയ്ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും വാടകക്കാരന്‍ മരിക്കുകയും ചെയ്തിരുന്നു. 

ദുബൈ കോടതിയുടെ രേഖകള്‍ അനുസരിച്ച് ഓപ്പറേഷന്‍ മാനേജറായ ഈജിപ്ത് സ്വദേശി, പാക്കിസ്ഥാന്‍ ടെക്‌നീഷ്യന്‍, ഇന്ത്യന്‍ ടെക്‌നീഷ്യന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് 37 വയസ്സുള്ള ഇന്ത്യന്‍ യുവതിയ്ക്ക് 75 ശതമാനമാണ് പൊള്ളലേറ്റത്. 

അല്‍ റെഫാ ഏരിയയിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ 2019-ലാണ് സ്‌ഫോടനം നടക്കുന്നത്. അറ്റകുറ്റപ്പണി നടക്കുമ്പോള്‍ വാതക ചോര്‍ച്ചയുണ്ടായാണ് സ്‌ഫോടനം നടക്കുന്നത്. കെട്ടിടത്തിലേയ്ക്ക് സപ്ലെ ചെയ്യുന്ന വാതക പൈപ്പിലെ അപാകതകള്‍ പരിഹരിക്കാനാണ് അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്ത റിയല്‍ എസ്റ്റേറ്റ് ഏജന്റായ മുഹിബ് ഷെയ്ഖ് ടെക്‌നീഷ്യന്മാരെ വിളിക്കുന്നത്. 

ടെക്‌നീഷ്യന്മാര്‍ പ്രശ്നം പരിഹരിക്കാന്‍ വന്നപ്പോള്‍ ഇദ്ദേഹത്തിന്റെ ഭാര്യ കനിസ് അപ്പാര്‍ട്ട്‌മെന്റിനകത്തായിരുന്നു. ഒരാള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്ക് പോയി. രണ്ടമത്തെയാള്‍ അടുപ്പ് പരിശോധിക്കാന്‍ ഓണ്‍ ആക്കിയതും പൊട്ടിത്തെറിക്കുകയാണുണ്ടായത്. 

ഇതേ കെട്ടിടത്തില്‍ താമസിക്കുകയായിരുന്ന ഇന്ത്യന്‍ പ്രവാസിയാണ് സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ അപ്പാര്‍ട്ട്മെന്റിന്റെ വാതില്‍ തട്ടി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു മരിച്ചത്. പാകിസ്ഥാന്‍ ടെക്‌നീഷ്യനും പരിക്കേറ്റതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. 

കനിസ് മൂന്നുമാസം റാഷിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കനിസിന്റെ മുഖത്തും കഴുത്തിലും രൂപഭേദം സംഭവിച്ചതായും കൈകാലുകളുടെ സന്ധികള്‍ക്ക് ചലനശേഷി നഷ്ടപ്പെട്ടതായും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

അപ്പാര്‍ട്ട്മെന്റിനുള്ളില്‍ വാതകം ചോര്‍ന്നാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ദുബൈ പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. കെട്ടിടത്തിലെ മറ്റ് അപ്പാര്‍ട്ടുമെന്റുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top