News Desk

2021-02-26 11:47:41 am IST
കോഴിക്കോട്: നാദാപുരം ചെക്യാട് തീപൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു. പതിനാലുകാരന്‍ സ്റ്റെഫിന്‍ കൂടി മരണത്തിന് കീഴ്‌പെട്ടതോടെ നാദാപുരം ചെക്യാട്ടെ നാലംഗ കുടുംബം ഓര്‍മയായി. 

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ചെക്യാട് കായലോട്ട് താഴെ കീറിയപറമ്പത്ത് രാജുവിനും ഭാര്യ റീനയ്ക്കും രണ്ട് മക്കള്‍ക്കും തീപ്പൊള്ളലേറ്റത്. വീടിനകത്തു കിടന്നുറങ്ങുകയായിരുന്ന റീനയുടെയും മക്കളുടെയും ദേഹത്തു മണ്ണെണ്ണയൊഴിച്ച് തീവച്ച ശേഷം രാജു സ്വയം തീ കൊളുത്തിയതാണെന്നാണു പൊലീസ് നിഗമനം.

തിങ്കളാഴ്ച സമീപത്തെ വിവാഹവീട്ടില്‍നിന്ന് രാത്രി വൈകിയാണ് റീനയും മക്കളും തിരിച്ചെത്തിയത്. രാജു വീട്ടില്‍ത്തന്നെയായിരുന്നു. വിവാഹവീട്ടിലെ ആവശ്യത്തിന് മത്സ്യം വാങ്ങാന്‍ പോകുകയായിരുന്ന അയല്‍വാസികള്‍ രാജുവിന്റെ വീട്ടില്‍നിന്ന് കൂട്ടനിലവിളികേട്ട് ഓടിയെത്തുകയായിരുന്നു. 

ദേഹത്ത് മൊത്തം തീപടര്‍ന്ന് മരണവെപ്രാളത്തില്‍ വീട്ടിനകത്ത് അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന രാജുവിനെയും മക്കളെയും കത്തുന്ന ശരീരവുമായി വീട്ടുവരാന്തയില്‍ റീനയെയുമാണ് അയല്‍വാസികള്‍ കണ്ടത്. കിടപ്പുമുറി പൂര്‍ണമായി കത്തിനശിച്ചനിലയിലാണ്.

രാജു (50) സംഭവദിവസമായ ചൊവ്വാഴ്ച തന്നെ മരണപ്പെട്ടിരുന്നു. മൂത്ത മകന്‍ സ്റ്റാലിഷ് (17) ബുധനാഴ്ചയും രാജുവിന്റെ ഭാര്യ റീന (40) ഇന്നലെ രാവിലെയും ഇളയ മകന്‍ സ്റ്റെഫിന്‍ വൈകീട്ടുമാണ് മരിച്ചത്. ഒമാനിലായിരുന്ന രാജു ഒരു വര്‍ഷം മുന്‍പാണു ജോലി ഒഴിവാക്കി മടങ്ങിയെത്തിയത്. കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top