Sports Desk

2021-06-02 03:43:30 pm IST
ദോഹ: നാളെ ദോഹയില്‍ നടക്കാനിരിക്കുന്ന 2022 ഫിഫ ഫുഡ്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നിലവിലെ ഇന്ത്യന്‍ ടീമിന് ഖത്തറിനെതിരെ വിജയം നേടാനാവുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനും മലയാളിയുമായ ഐ.എം. വിജയന്‍. സ്‌പോര്‍ട് സ്റ്റാറിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

1996-ല്‍ വിജയന്‍ പങ്കെടുത്ത ലോകകപ്പ് യോഗ്യതാ മത്സരവും ഖത്തറിനെതിരെ ആയിരുന്നു. അന്ന് ആറിനെതിരെ 0 ഗോളുകള്‍ക്ക് വലിയ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ''അന്ന് ഞങ്ങള്‍ മോശമായാണ് കളിച്ചത്. അതിലുപരി, ഇന്നത്തേത് പോലെയല്ല, അന്ന് അന്തര്‍ദേശീയമായോ ദേശീയമായോ പോലും ഞങ്ങള്‍ക്ക് വലിയ പരിചയസമ്പത്തുള്ള കാലമായിരുന്നില്ല. ഖത്തര്‍ പോലൊരു ടീമിനെ നേരിടാനുള്ള നിലവാരം അന്ന് ഇന്ത്യക്കില്ല,'' വിജയന്‍ പറഞ്ഞു. എന്നാല്‍ ഇന്ന് അങ്ങനെയല്ലെന്നും കാര്യങ്ങള്‍ വളരെയധികം മെച്ചപ്പെട്ടെന്നും ഒരുപക്ഷേ ഖത്തറിനെ പരാജയപ്പെടുത്താന്‍ വരെ ഇപ്രാവശ്യം ഇന്ത്യന്‍ ടീമിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2019ല്‍ അവസാനമായി ഖത്തറില്‍ കളിച്ചപ്പോള്‍ ലോകറാങ്കിങ്ങില്‍ 62-ആം സ്ഥാനത്തുണ്ടായിരുന്ന ഏഷ്യന്‍ ചാമ്പ്യന്‍ കൂടിയായ ഖത്തറിനെതിരെ ഇന്ത്യന്‍ ടീം നേടിയ ഗോള്‍രഹിത സമനില വളരെയധികം ആത്മവിശ്വാസം നല്‍കിയതാണെന്നും വിജയന്‍ ഓര്‍ത്തു. നിലവില്‍ ഖത്തര്‍ 58-ാം സ്ഥാനത്തും ഇന്ത്യ 105-ാം സ്ഥാനത്തുമാണ്. ''ഐ.എസ്.എല്‍ കാരണം, ശക്തമായ ടീമുകളെ എതിരിടാന്‍ ഇന്ത്യയുടെ ഫുട്‌ബോള്‍ കളിക്കാര്‍ സജ്ജരാണ്. നിങ്ങള്‍ മികച്ച നിലവാരമുള്ള അന്താരാഷ്ട്ര ഫുട്‌ബോള്‍ കളിക്കാര്‍ക്കൊപ്പം കളിക്കുമ്പോള്‍ നിങ്ങള്‍ ശാരീരികമായും മാനസികമായും മെച്ചപ്പെടുന്നു,'' വിജയന്‍ പറഞ്ഞു.

കുറച്ചുകാലത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയാണ് നിലവിലെ ടീമിലെ വിജയന്റെ ഇഷ്ടതാരം. ഛേത്രിക്ക് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ ആവുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച വിജയന്‍ ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കന്‍, മിഡ്ഫീല്‍ഡര്‍ ആഷിഖ് കുരുനിയന്‍, ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു എന്നിവരുടെ പ്രകടനം നിര്‍ണായകമാണെന്നു ചൂണ്ടിക്കാട്ടി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top