News Desk

2021-05-19 09:47:05 pm IST
ജറുസലേം: ഹമാസ് സൈനിക തലവന്‍ മുഹമ്മദ് ദെയ്ഫിനെ വകവരുത്തലാണ് നിലവില്‍ തങ്ങളുടെ പ്രധാനലക്ഷ്യമെന്ന് ഇസ്രായേല്‍ സേന. കഴിഞ്ഞ ആഴ്ച നടത്തിയ രണ്ട് ആക്രമണത്തില്‍ നിന്നും ഹമാസ് തലവന്‍ രക്ഷപ്പെട്ടതായി സേന അറിയിച്ചു. അവസാന നിമിഷം മുഹമ്മദ് ദെയ്ഫ് കടന്നു കളയുകയായിരുന്നെന്നാണ് ഇസ്രായേല്‍ സേന പറയുന്നത്. ഹമാസ്, പാലസ്തീന്‍ ഇസ്ലാമിക് ജിഹാദ് എന്നീ സംഘടനകളുടെ കമാന്‍ഡര്‍മാരെ കൊലപ്പെടുത്തുകയായിരുന്നു ഇസ്രായേല്‍ സേന കഴിഞ്ഞ ആഴ്ചകളിലായി നടത്തി വരുന്ന സൈനികാക്രമണങ്ങളുടെ പ്രധാന ലക്ഷ്യം.

ഹമാസിന്റെ സൈനിക ശാഖയായ ഇസ്ദിന്‍ അല്‍ ഖാസിം ബ്രിഗേഡ്സിന്റെ കമാന്‍ഡറാണ് മുഹമ്മദ് ദെയ്ഫ്. കഴിഞ്ഞ 25 വര്‍ഷമായി ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഇസ്രായേല്‍ നടത്തി വരികയാണ്. നേരത്തെ സൈന്യം ഇദ്ദേഹത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ ഗുരുതര പരിക്കുകള്‍ പറ്റിയിരുന്നു. 

2001 ലാണ് ആദ്യം ദെയ്ഫിനെതിരെ ആക്രമണ ശ്രമം നടക്കുന്നത്. പിന്നീട് 2002, 2003, 2006, 2014 എന്നീ വര്‍ഷങ്ങളിലും ഈ വധശ്രമം നടന്നു. 2002ലെ ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2006ല്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കാലും ഒരു കൈയ്യും ഇദ്ദേഹത്തിന് നഷ്ടപ്പെട്ടു. പിന്നീട് 2014ല്‍ നടന്ന ആക്രമണത്തില്‍ ദെയ്ഫിന്റെ ഭാര്യയും മൂന്ന് വയ്യസ്സുകാരിയായ മകളും കൊല്ലപ്പെട്ടു. അന്ന് ദെയ്ഫും കൊല്ലപ്പെട്ടു എന്നാണ് കരുതിയിരുന്നതെങ്കിലും ഇദ്ദേഹം പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

മെയ് ആദ്യ വാരം ശൈഖ് ജറായിലെ പാലസ്തീന്‍ കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കലിനെതിരെ ദെയ്ഫ് ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്‍ അഖ്സ പള്ളിക്ക് സമീപത്തു നിന്നും ഇസ്രായേല്‍ പൊലീസ് പിന്‍വാങ്ങമെന്നായായിരുന്നു കമാന്‍ഡറുടെ പ്രധാന നിര്‍ദ്ദേശം. സൈന്യം വിസമ്മതിച്ചതോടെയാണ് ഗാസ മുനമ്പില്‍ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം വന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top