News Desk

2021-03-24 06:11:39 pm IST
കുവൈത്ത് സിറ്റി: കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കെയാണ് വീണ്ടും റമദാന്‍ വിരുന്നെത്തുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കൃത്യമായ പെരുമാറ്റച്ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം. റമദാനിലെ ഇഫ്ത്താര്‍ വിരുന്നുകള്‍ ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി മാത്രമേ സംഘടിപ്പിക്കാവൂ എന്ന് മന്ത്രാലയം അറിയിച്ചു. 

പള്ളികളില്‍ നടത്തുന്ന സമൂഹ ഇഫ്ത്താറുകള്‍ക്ക് പതിവു പോലെ ടേബിളുകള്‍ ഇട്ട് നോമ്പ് തുറ വിഭവങ്ങള്‍ വിളമ്പുന്ന രീതി അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ കൃത്യമായ സാമൂഹിക അകലം പാലിച്ച് ഇഫ്ത്താര്‍ വിഭവങ്ങള്‍ വ്യക്തികള്‍ക്ക് വിതരണം ചെയ്യുന്നതിന് വിലക്കില്ല. ടേബിളുകളില്‍ അഭിമുഖമായി ഇരുന്ന നോമ്പ് തുറക്കുന്നത് കൊവിഡ് വ്യാപനത്തിന് കാരണമായേക്കും എന്നതിനാലാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

വ്യക്തികള്‍ക്കും സംഘടനകള്‍ക്കും മറ്റുമുള്ള സംഭാവനകള്‍ പണമായി നല്‍കുന്ന രീതി പൂര്‍ണമായും ഒഴിവാക്കണെമന്നും മന്ത്രാലയം പറഞ്ഞു. പകരം ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയോ മൊബൈല്‍ ആപ്പുകള്‍ വഴിയോ പണം അയക്കാം. റമദാന്‍ കാലത്ത് കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി പള്ളികള്‍, സ്ഥാപനങ്ങള്‍, ജീവകാരുണ്യ സംഘടനാ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധനകള്‍ കര്‍ശക്കശമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Top