News Desk

2021-02-09 08:10:15 pm IST
മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിന്റെ സംഘാംഗവും മലയാളി യുവ വ്യവസായിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ ഇജാസ് ലക്‌ഡേവാല പൊലീസ് കസ്റ്റഡിയില്‍. 

കഴിഞ്ഞ ജനുവരിയില്‍ പാറ്റ്‌ന- മുംബൈ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതിരുന്നു. തുടര്‍ന്ന് ജയിലിലായിരുന്നു. ക്ഷീര വ്യവസായിയെ ഭീഷണിപ്പെടുത്തി രണ്ട് കോടി തട്ടാന്‍ ശ്രമിച്ച കേസിലാണ് ചൊവ്വാഴ്ച താനെ പൊലീസ് ആന്റി എക്‌സ്‌ടോര്‍ഷന്‍ സെല്‍ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്. 

രാജ്യത്തെ ആദ്യ ആഭ്യന്തര സ്വകാര്യ വിമാന സര്‍വ്വീസ് കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് സ്ഥാപകനായിരുന്ന തകിയുദ്ധീന്‍ വാഹിദിന്റെ കൊലപാതകക്കേസിലെ പ്രതിയാണ് ഇജാസ് ലക്‌ഡേവാല. 1995 നവംബര്‍ 13-നാണ് തകിയുദ്ധീന്‍ വെടിയേറ്റ് മരിച്ചത്.


തകിയുദ്ധീന്‍ വാഹിദ്‌

കേസില്‍ അഞ്ചുപേര്‍ക്കെതിരെയായിരുന്നു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. രോഹിത് ശര്‍മ്മ, ജോസഫ് ജോണ്‍ ഡിസൂസ, സുനില്‍ മല്‍ഗാവ്ങ്കര്‍, ബണ്ടി പാണ്ഡെ എന്നിവര്‍ക്കു പുറമെ ഇജാസിനെതിരെയുമായിരുന്നു കുറ്റപത്രം. രോഹിത് വര്‍മയാണ് കയ്യില്‍ ചുറ്റികയുമായി കാറിന്റെ ചില്ലു തകര്‍ക്കുകയും മുന്നില്‍നിന്നു വെടി വയ്ക്കുകയും ചെയ്തത്.

ജോണ്‍ ഡിസൂസ, രോഹിത് ശര്‍മ്മ എന്നിവര്‍ വിവിധ ഏറ്റുമുട്ടലുകളില്‍ ഇതിനിടെ കൊല്ലപ്പെട്ടു. ബണ്ടി പാണ്ഡെ തിഹാര്‍ ജയിലിലാണ്. സുനില്‍ മല്‍ഗാവ്ങ്കറെ തെളിവില്ലാത്തതിന്റെ പേരില്‍ കോടതി വെറുതെ വിട്ടു. ആദ്യം പ്രതിപ്പട്ടികയില്‍ പേരില്ലാതിരുന്ന ബണ്ടി പാണ്ഡേയെയും ഇജാസ് ലക്‌ഡേവാലയെയും പിന്നീടാണ് പ്രതിചേര്‍ക്കപ്പെട്ടത്.

നിരവധി കൊലപാതകം, വധശ്രമം, പണം തട്ടല്‍ തുടങ്ങി കേസുകളില്‍ പ്രതിയായ ഇജാസിനെ 2004ല്‍ കനേഡിയന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കസ്റ്റഡിയിനിന്ന് രക്ഷപ്പെടുകയായിരുന്നു. 2012ല്‍ ദാവൂദിനെ ലക്ഷ്യമിട്ട് ഛോട്ടാ രാജന്‍ ബാങ്കോങ്കില്‍ വെച്ച് നടത്തിയ ആക്രമത്തില്‍ ഗുരുതര പരിക്കുകളോടെയാണ് ഇജാസ് രക്ഷപ്പെട്ടത്. തുടര്‍ന്ന് കാനഡ, മലേഷ്യ, യു.എസ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുഞ്ഞിരുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

 
Top