News Desk

2021-05-19 05:47:39 pm IST

റിയാദ്: വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ച് സൗദിയിലെത്തുന്നവര്‍ യാത്രയ്ക്ക് മുമ്പായി തങ്ങളുടെ വാക്‌സിന്‍ പൂര്‍ത്തിയാക്കിയ വിവരങ്ങള്‍ ഓണ്‍ലൈനായി രജിസ്ട്രാര്‍ ചെയ്യണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. 

വിമാന കമ്പനികള്‍ക്കയച്ച പ്രത്യേക സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. https://muqeem.sa/#/vaccine-registration/home എന്ന പോര്‍ട്ടലിലാണ് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.

സൗദിയില്‍ അംഗീകരിച്ച ഫൈസര്‍ ബയോഎന്‍ടെക്, ഓക്‌സ്ഫോര്‍ഡ് ആസ്ട്രാ സെനക (കോവിഷീല്‍ഡ്), മൊഡേണ എന്നീ വാക്‌സിനുകളുടെ രണ്ടു ഡോസുകളും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്റെ ഒറ്റ ഡോസും എടുത്ത ശേഷം 14 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയവരാണ് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതല്ലാത്ത മറ്റു വാക്‌സിനുകള്‍ എടുത്തവരുടെ രജിസ്ട്രേഷന്‍ സ്വീകരിക്കില്ല. 

രജിസ്ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി സൗദിയിലെത്തുന്നവര്‍ക്ക് ഒരാഴ്ചത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി എന്ന് സാക്ഷ്യപ്പെടുത്തുന്ന അതാത് രാജ്യത്തെ ആരോഗ്യ മന്ത്രാലയം നല്‍കുന്ന സര്‍ട്ടിഫിക്കറ്റും യാത്രക്കാര്‍ സൗദിയിലെത്തിയാല്‍ അധികൃതരെ കാണിക്കണം. 

അതേസമയം, യാത്രാ വിലക്ക് നിലനില്‍ക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിലക്കില്ലാത്ത മറ്റു രാജ്യങ്ങളില്‍ 14 ദിവസങ്ങള്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമേ സൗദിയില്‍ നേരിട്ട് പ്രവേശിക്കാനാവൂ.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top