News Desk

2021-03-07 04:40:17 pm IST
കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കുവൈത്ത് അധികൃതര്‍ രംഗത്ത്. തടവും പിഴയും അടക്കമുള്ള ശിക്ഷയാവും നിയമ ലംഘകര്‍ക്ക് നല്‍കുന്നത്. 

10,000 ദിനാര്‍ വരെയാണ് പിഴ. പ്രവാസികളാണ് നിയമം ലംഘിക്കുന്നതെങ്കില്‍ അവരെ നാടുകടത്തും. കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങാന്‍ പാടില്ല. കാല്‍നട, സൈക്കിള്‍ യാത്രകളും പാടില്ല. ഇന്ന് മുതലാണ് വൈകിട്ട് അഞ്ച് മുതല്‍ രാവിലെ അഞ്ച് വരെ നീണ്ടു നില്‍ക്കുന്ന കര്‍ഫ്യൂ.

ദിവാനിയകള്‍, കൃഷിയിടങ്ങള്‍, പാലങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അനധികൃത കൂട്ടം ചേരലുകളുണ്ടോ എന്ന പരിശോധനയുണ്ടാകും. നിയമലംഘകരെ പിടികൂടാന്‍ പൊലീസിന് പുറമേ നാഷണല്‍ ഗാര്‍ഡ്, പ്രതിരോധമന്ത്രാലയം ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹകരണവും ഉണ്ടാകും. 

പ്രത്യേക പാസ് ഉള്ളവര്‍ക്ക് കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങാം. നിയമം ലംഘിക്കുന്നവരുടെ പാസ് റദ്ദാക്കുകയും അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യും. മുന്‍കൂര്‍ ലഭിക്കുന്ന ബാര്‍കോഡ് അനുമതിയിലൂടെ രോഗികള്‍ക്ക് ആശുപത്രികളിലേക്ക് സഞ്ചാര സ്വാതന്ത്ര്യം ഉണ്ടാകും. 

അതേസമയം, 26 വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് കര്‍ഫ്യൂവില്‍ ഇളവ് ലഭിക്കും. 

* മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ആരോഗ്യമന്ത്രാലയം ജീവനക്കാര്‍

* ജഡ്ജിമാരും പബ്ലിക് പ്രോസിക്യൂട്ടര്‍മാരും, അറ്റോര്‍ണി ജനറല്‍, അറ്റോണി ജനറലിന്റെയും പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടറുടെയും സഹായികള്‍. 

* സൈന്യം, നാഷനല്‍ ഗാര്‍ഡ്, അഗ്‌നിശമന വിഭാഗം.

* പൊതുമരാമത്ത്, റോഡ് ഗതാഗത അതോറിറ്റി എന്‍ജിനീയര്‍മാര്‍.

* ജലം-വൈദ്യുതി മന്ത്രാലയം ജീവനക്കാര്‍.

* കുവൈത്ത് അതിര്‍ത്തി അതോറിറ്റി ജീവനക്കാര്‍.

* കുവൈത്ത് എയര്‍വേയ്‌സ് (പൈലറ്റുമാര്‍, എയര്‍ ഹോസ്റ്റസുമാര്‍, ഗ്രൗണ്ട് സപ്പോര്‍ട്ടിങ് സ്റ്റാഫ്).

* വ്യോമയാന മന്ത്രാലയം ജീവനക്കാര്‍.

* ജനറല്‍ കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍.

* ഗുരുതര രോഗികള്‍ ( അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍).

* സ്വകാര്യ ആശുപത്രികളിലെയും മെഡിക്കല്‍ ലബോറട്ടറികളിലെയും ജീവനക്കാര്‍.

* തുറമുഖങ്ങളിലെ ചരക്കിറക്ക് തൊഴിലാളികള്‍, കസ്റ്റംസ് ക്ലിയറന്‍സ് ജീവനക്കാര്‍.

* ജസീറ എയര്‍വേയ്‌സ് (പൈലറ്റുമാര്‍, എയര്‍ ഹോസ്റ്റസുകള്‍, എന്‍ജിനീയര്‍മാര്‍, ഗ്രൗണ്ട് സപ്പോര്‍ട്ട് സ്റ്റാഫ്).

* വിമാനത്തില്‍ പോകേണ്ടവരും വിമാനം ഇറങ്ങിയവരും (യാത്രയയ്ക്കാനും സ്വീകരിക്കാനും ഒരാളെ വീതം അനുവദിക്കും).

* ഇമാമുമാരും മുഅദ്ദിനുകളും.

* പൊതുമരാമത്ത്, റോഡ് ആന്‍ഡ് ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍.

* ക്ലീനിങ് കമ്പനി മാനേജര്‍മാരും സൂപ്പര്‍വൈസര്‍മാരും.

* ശ്മശാനം ജീവനക്കാര്‍.

* കോ-ഓപ്പറേറ്റീവ് സ്റ്റോറുകളിലേക്കു ഭക്ഷ്യവസ്തുക്കള്‍, പച്ചക്കറി എന്നിവ എത്തിക്കുന്നവ.

* കുവൈത്ത് മില്‍, ഫ്‌ലവര്‍ ആന്‍ഡ് ബേക്കറിസ്, കുവൈത്ത് കേറ്ററിങ് കമ്പനി ജീവനക്കാര്‍.

* എല്ലാ ഗവര്‍ണറേറ്റുകളിലെയും വാട്ടര്‍ പമ്പിങ് ജീവനക്കാര്‍.

* ഗവണ്മെന്റ് ഏജന്‍സികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മലിനജല സംസ്‌കരണ ജീവനക്കാര്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top