News Desk

2021-03-20 07:05:30 pm IST
ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയുടെ മെഡിക്കല്‍ സംഘത്തിലെ അംഗം ഫൈസല്‍ സുല്‍ത്താനാണ് കൊവിഡ് ബാധിച്ച കാര്യം വ്യക്തമാക്കിയത്. രോഗബാധ സ്ഥിരീകരിച്ച ഇംറാന്‍ ഖാന്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് ഇംറാന്‍ ഖാന്‍ സ്വീകരിച്ചിരുന്നത്.
 
ആദ്യ ഡോസ് സ്വീകരിച്ചതിന് പിന്നാലെയും സ്ഥിരം യോഗങ്ങളിലും മറ്റും ഇംറാന്‍ ഖാന്‍ പങ്കെടുത്തിരുന്നു. ഇസ്ലാമാബാദില്‍ നടന്ന സുരക്ഷായോഗത്തിലും പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച പാവപ്പെട്ടവര്‍ക്കുള്ള പാര്‍പ്പിട പദ്ധതിയില്‍ മാസ്‌ക് പോലും ധരിക്കാക്കാതെ അദ്ദേഹം ഉദ്ഘാടനം ചെയ്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ പരിപാടിയില്‍ നിരവധി പേരാണ് പങ്കെടുത്തത്.

അതേസമയം, പാകിസ്താനില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനകം 6.15 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 13,700 പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു. ആശുപത്രി കിടക്കകള്‍ വേഗത്തില്‍ നിറയുകയാണെന്നും നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്നും പാക് മന്ത്രി ആസാദ് ഉമര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈറസിന്റെ പുതിയ വകഭേദം വളരെ വേഗത്തില്‍ പകരുന്നതാണെന്നും മാരകമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top