News Desk

2021-05-02 12:39:26 pm IST

കല്‍ക്കത്ത: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരം ഉറപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. 200 സീറ്റുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 206 മണ്ഡലങ്ങളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. 

ബി.ജെ.പി 83 മണ്ഡലങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നത്. 148 സീറ്റാണ് ബംഗാളില്‍ അധികാരം നേടാന്‍ വേണ്ട കേവല ഭൂരിപക്ഷം. മൂന്നാമത്തെ സഖ്യകക്ഷിയായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടി നേരിട്ടു. കേവലം മൂന്ന് സീറ്റില്‍ മാത്രമാണ് സഖ്യം മുന്നില്‍ നില്‍ക്കുന്നത്.

അതേസമയം, നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്നിലാണ്. ബി.ജെ.പിയുടെ സുവേന്ദു അധികാരി മുന്നേറുന്നത് മമത ബാനര്‍ജിക്ക് തിരിച്ചടിയാകും. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിക്കെതിരെ നന്ദിഗ്രാമില്‍ മമത നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു. 

നേരത്തെ രണ്ടിടത്ത് മത്സരിക്കുമെന്ന് മമത സൂചന നല്‍കിയെങ്കിലും ബി.ജെ.പിയുടെ വെല്ലുവിളിയെ തുടര്‍ന്ന് നന്ദിഗ്രാമില്‍ മാത്രം മത്സരിക്കാന്‍ മമത തീരുമാനിക്കുകയായിരുന്നു. നിരവധി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായാണ് 292 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. 

സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് രണ്ട് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു, വോട്ടെടുപ്പിന് ഇടയില്‍ ഉണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന് വോട്ടെണ്ണല്‍ ദിനത്തിലും കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top