News Desk

2021-11-24 04:50:27 pm IST
ബിജീംഗ്: വിവാഹ നിരക്കും ജനനനിരക്കും കുറഞ്ഞതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ചൈന. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന നിലയിലേക്ക് ചൈനയെ വളരാന്‍ സഹായിച്ചതും ജനസംഖ്യയായിരുന്നു.

എന്നാല്‍ ചൈനയിലെ പുതിയ സാമൂഹ്യ സാഹചര്യങ്ങള്‍ ജനസംഖ്യ നിരക്കിനെ ദോഷകരമായി ബാധിക്കുന്നതാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു

അടുത്തിടെ പുറത്തുവന്ന ചൈന സ്റ്റാറ്റിസ്റ്റിക്സ് ഇയര്‍ബുക്ക് വ്യക്തമാക്കുന്നത് കഴിഞ്ഞ ഏഴ് വര്‍ഷമായി ചൈനയിലെ വിവാഹനിരക്ക് കുത്തനെ ഇടിഞ്ഞു എന്നാണ്.

58 ലക്ഷം പേരാണ് 2021-ലെ ആദ്യ മൂന്ന് പാദങ്ങളില്‍ ചൈനയില്‍ വിവാഹിതരായത്. ഈ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത മൂന്ന് മാസങ്ങളിലും വിവാഹ നിരക്ക് കുറഞ്ഞുതന്നെയിരിക്കാനാണ് സാദ്ധ്യതയെന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചൈന ഡെയിലി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിന് പുറമെ ജനനനിരക്കിലും വലിയ കുറവാണ് ചൈനയിലുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 0.852 ശതമാനമായിരുന്നു ചൈനയിലെ ജനനനിരക്ക്. 1978-നു ശേഷം ചൈനയില്‍ ഒരിക്കലും ഒരു ശതമാനത്തിലേക്ക് ഇത് താഴ്ന്നിട്ടില്ല. 

രാജ്യത്തെ ദോഷകരമായി ബധിക്കുമെന്ന് പറഞ്ഞ് ഒരു കുഞ്ഞ് മാത്രമേ പാടുള്ളൂ എന്ന നിയമം 2016-ല്‍ എടുത്തുകളഞ്ഞിരുന്നു. പുതിയ നിയമം അനുസരിച്ച് മൂന്ന് കുട്ടികളെങ്കിലും ആവാം. എന്നാല്‍, ഈ നിയമമാറ്റത്തോട് ജനങ്ങള്‍ അനുകൂലമായല്ല പ്രതികരിക്കുന്നത്.

രാജ്യത്തെ ചെറുപ്പക്കാരുടെ എണ്ണവും അതിവേഗം കുറഞ്ഞുവരികയാണ്. ഇതും വിവാഹനിരക്കിലുള്ള കുറവിനു കാരണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചൈനയില്‍ 60 വയസ്സിനു മീതെയുള്ളവരുടെ എണ്ണം നിലവില്‍ 26.4 കോടിയായി ഉയര്‍ന്നിട്ടുണ്ട്. മൊത്തം ജനസംഖ്യയുടെ 18.7 ശതമാനമാണിത്.

എന്നാല്‍, വിവാഹത്തില്‍ നിന്ന് ചൈനക്കാരെ പിന്‍തിരിപ്പിക്കുന്നതില്‍ മറ്റു പലകാരണങ്ങള്‍ കൂടിയുണ്ട്. ഉയര്‍ന്ന ജോലി സമ്മര്‍ദ്ദം, സ്ത്രീകളുടെ വിദ്യാഭ്യാസത്തിലുണ്ടായ വമ്പന്‍ മുന്നേറ്റം, സ്ത്രീകള്‍ക്ക് കൈ വന്ന സാമ്പത്തിക സ്വാതന്ത്ര്യം എന്നിങ്ങനെ അനേകം ഘടകങ്ങള്‍ ഇതിനു പിന്നിലുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. 

ഇതിന് പുറമെ സ്ത്രീ-പുരുഷ എണ്ണത്തിലുണ്ടായ അസമത്വവും  ജീവിതച്ചെലവ്, ഭവനവിലയിലുണ്ടായ കുതിപ്പ് എന്നിവയും ഇതിനു കാരണമാവുന്നുണ്ട്. 

അതേസമയം, ഈ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി വീടുകള്‍ വാങ്ങുന്നതിന് ചെറുപ്പക്കാര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സബ്സിഡികള്‍ ഏര്‍പ്പെടുത്തി. ഇതിന് പുറമെ വിവാഹത്തിനും പ്രസവത്തിനുമുള്ള അവധികള്‍ എല്ലായിടങ്ങളിലും നിര്‍ബന്ധമാക്കിക്കൊണ്ടിരിക്കുകയാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCHTop