News Desk

2022-05-21 05:07:29 pm IST
ദുബൈ: മൂക്കിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി നടത്തിയ ചികിത്സക്കൊടുവില്‍ മൂക്ക് വികൃതമാകുകയും വിവാഹം  മുടങ്ങിയെന്നും ജോലി ഉപേക്ഷിക്കേണ്ടി വന്നുവെന്നും യുവതിയുടെ പരാതി. ചികിത്സ നടത്തിയ ഡോക്ടര്‍ക്കും മെഡിക്കല്‍ സെന്ററിനുമെതിരെ 32 വയസുകാരിയായ യുവതിയാണ് ദുബൈ കോടതിയെ സമീപിച്ചത്. വിചാരണയ്‌ക്കൊടുവില്‍ യുവതിക്ക് 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു.

മൂക്കിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി നടത്തിയ ബോട്ടോക്‌സ് ചികിത്സയ്‌ക്കൊടുവിലാണ് ഇത്തരമൊരു സംഭവം ഉണ്ടായത്.  വിദഗ്ധ അന്വേഷണത്തില്‍ ഡോക്ടര്‍ക്ക് മതിയായ പ്രാവീണ്യമില്ലായിരുന്നെന്നാണ് കണ്ടെത്തുകയായിരുന്നു. ഇതോടെ യുവതിയുമായി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറുകയും ചെയ്തു. ഇത് മാനസികമായി തളര്‍ത്തിയെന്നും ഒടുവില്‍ ജോലി ഉപേക്ഷിക്കേണ്ടി വന്നുവെന്നും ഇവര്‍ പരാതിയില്‍ പറഞ്ഞു.

മൂക്കില്‍ നടത്തുന്ന റൈനോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വേണ്ടിയാണ് യുവതി ഒരു മെഡിക്കല്‍ സെന്ററിലെത്തിയത്. എന്നാല്‍ താന്‍ ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ നല്‍കാമെന്നും മൂക്കിന്റെ രൂപഭംഗി വര്‍ദ്ധിപ്പിക്കാമെന്നും വാഗ്ദാനം നല്‍കുകയായിരുന്നു. എന്നാല്‍ ഇഞ്ചക്ഷന്‍ കഴിഞ്ഞതോടെ ശക്തമായ തലവേദനയും മൂക്കില്‍ തടിപ്പുമുണ്ടായി. 

വീണ്ടും ഡോക്ടറെ സമീപിച്ചപ്പോള്‍ ഇഞ്ചക്ഷന്‍ എടുത്ത സ്ഥലത്ത് ഐസ് വെയ്ക്കാന്‍ നിര്‍ദേശിച്ചു. വേദനയും തടിപ്പും മാറുമെന്നും ആശ്വസിപ്പിച്ചു. എന്നാല്‍ വേദന ഗുരുതരമായതോടെ വീണ്ടും ഡോക്ടറെ കണ്ടപ്പോള്‍ ഒരു ക്രീമും ചില വേദന സംഹാരികളും നല്‍കി. എന്നാല്‍ യുവതിയുടെ നില കൂടുതല്‍ ഗുരുതരമാവുകയായിരുന്നു. ഇഞ്ചക്ഷനെടുത്ത സ്ഥലത്ത് ഒരു വ്രണം രൂപപ്പെട്ടു. ഇതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോള്‍ ഒരു സര്‍ജനെ കാണാന്‍ നിര്‍ദേശിക്കുകയും, സര്‍ജന്‍ മുറിവ് വൃത്തിയാക്കി ക്രീം പുരട്ടുകയും ചെയ്തു. ഒടുവിലാണ് ഡോക്ടറുടെ കൈപിഴവാണെന്ന് മനസ്സിലായത്. തുടര്‍ന്ന് പരാതി നല്‍കുകായിരുന്നു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top