News Desk

2021-04-28 12:04:12 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം 75 ശതമാനത്തിന് മുകളില്‍ എത്തിയിരിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍. വളരെയധികം കരുതലെടുത്തില്ലെങ്കില്‍ ഡല്‍ഹിയ്ക്ക് സമാനമായ സാഹചര്യമുണ്ടാകുമെന്നാണ് പഠനം നടത്തിയ സംഘത്തിന്റെ മുന്നറിയിപ്പ്. 

പ്രതിദിന രോഗികളുടെ എണ്ണം ഒരാഴ്ച കൊണ്ട് 50000-ത്തിന് മുകളിലെത്താനാണ് സാധ്യത.
ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വലിയ തോതില്‍ പടരുകയാണ്. ഏപ്രില്‍ ആദ്യവാരത്തെ പഠന ഫലം പുറത്ത് വന്നപ്പോള്‍ 40 ശതമാനം പേരിലാണ് ഈ വകഭേദം കണ്ടെത്തിയതെങ്കില്‍ മൂന്നാഴ്ച പിന്നിടുന്ന ഈ കാലയളവിലിത് 75 ശതമാനത്തിനുമേല്‍ എത്തിയിട്ടുണ്ടാകും. 

രോഗികളില്‍ ഭൂരിഭാഗത്തിനും രോഗ കാരണമായത് ഈ കൊറോണ വൈറസ് വകഭേദമാണ്. രോഗ വ്യാപന തീവ്രത അതിവേഗമായകതിനാല്‍ കൂടുതല്‍ രോഗികള്‍ ഉണ്ടാകും. കരുതിയിരുന്നില്ലെങ്കില്‍ ആശുപത്രി സംവിധാനങ്ങള്‍ക്ക് താങ്ങാന്‍ പറ്റുന്നതിന്റെ ഇരട്ടിയിലധികമാകും കേരളത്തിലെ രോഗികള്‍. 

രോഗ തീവ്രത മനസിലാക്കാന്‍ ജനത്തിന് അത്രകണ്ട് കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലുണ്ട് സര്‍ക്കാരിന്. നിലവില്‍ പൂര്‍ണ അടച്ചിടല്‍ ഒഴിവാക്കുമ്പോഴും രോഗ വ്യാപന തീവ്രത കണക്കാക്കിയാല്‍ സമ്പൂര്‍ണ അടച്ചിടല്‍ മാത്രമാകും സര്‍ക്കാറിന് മുന്നിലെ പോംവഴി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top