News Desk

2021-03-30 05:18:34 pm IST
മസ്‌കത്ത്: ഒമാനില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് വേണ്ടിയുള്ള ഹോട്ടലുകള്‍ സഹല പ്ലാറ്റ്‌ഫോം വഴി ബുക്ക് ചെയ്യണമെന്ന നിബന്ധന പ്രാബല്യത്തിലായി. മാര്‍ച്ച് 29 ഉച്ചക്ക് രണ്ട് മുതല്‍ ഹോട്ടല്‍ ബുക്കിംഗ് പുതിയ സംവിധാനം വഴി വേണമെന്ന നിര്‍ദേശമാണ് പ്രാബല്യത്തിലായത്. 

സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ റിലീഫ് ആന്‍ഡ് ഷെല്‍ട്ടര്‍ വിഭാഗത്തിന്റെ ചുമതലയിലുള്ള പ്രത്യേക ഓണ്‍ലൈന്‍ സംവിധാനമാണ് സഹല.

ഒമാനിലേക്ക് വരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള httpsi/covid19.emushrifom വെബ്‌സൈറ്റിന്റെ ഭാഗമായിട്ടാണ് സഹല പ്ലാറ്റ്‌ഫോമും സംവിധാനിച്ചിട്ടുള്ളത്.

ഇ-മുഷ്‌രിഫ് വെബ്‌സൈറ്റില്‍ യാത്രക്കാരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് ഹോട്ടല്‍ ബുക്കിങ്ങിനുള്ള ഓപ്ഷന്‍ ലഭിക്കുക. ഓരോ ഗവര്‍ണറേറ്റുകളിലും സാമൂഹിക വികസന മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഹോട്ടലുകളുടെയും ഹോട്ടല്‍ അപ്പാര്‍ട്‌മെന്റുകളുടെയും വിവരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മുതിര്‍ന്ന യാത്രക്കാരുടെയും കുട്ടികളുടെയും എണ്ണം, ചെക്ക് ഇന്‍ ടൈം, ഗവര്‍ണറേറ്റ് തുടങ്ങിയ വിവരങ്ങള്‍ നല്‍കിയ ശേഷം പ്രതിദിന നിരക്കുകളുടെ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കണം.

15 റിയാലില്‍ താഴെ, 16നും 25നുമിടയില്‍, 26 മുതല്‍ 35 വരെ, 36നും 45നുമിടയില്‍, 46 മുതല്‍ 55 വരെ എന്നിങ്ങനെയാണ് നിരക്കുകളുടെ ഓപ്ഷനുകള്‍. 

ഓരോന്ന് തെരഞ്ഞെടുക്കുമ്പോഴും ആ നിരക്കിലുള്ള ഹോട്ടലുകളും ലഭ്യമായിട്ടുള്ള സേവനങ്ങളും അതില്‍ കാണാനാകും. തുടര്‍ന്ന് ഇതില്‍ താല്‍പര്യമുള്ളത് തെരഞ്ഞെടുത്ത ശേഷം തുക ഓണ്‍ലൈനില്‍തന്നെ അടക്കണം. 

ഹോട്ടല്‍ ബുക്കിംഗിന് ശേഷമുള്ള ട്രാവലര്‍ രജിസ്‌ട്രേഷന്‍ ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് കൈവശം വെക്കണം. 15 റിയാലില്‍ താഴെ നിരക്കുള്ള മുറികള്‍ ഇതിനകം തന്നെ ബുക്ക് ചെയ്തതായാണ് കാണിക്കുന്നതെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 

അതിനാല്‍ വരും ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാനിരിക്കുന്നവര്‍ ഉയര്‍ന്ന തുക ഹോട്ടല്‍ താമസത്തിനായി കരുതേണ്ടി വരും. ചില ഹോട്ടലുകളില്‍ ഭക്ഷണത്തിന് പൈസ വേറെയും കരുതേണ്ടി വരും.

16 വയസ്സില്‍ താഴെയുള്ളവര്‍ കുടുംബത്തിനൊപ്പം വരുകയാണെങ്കില്‍ അവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈന്‍ നിര്‍ബന്ധമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുട്ടികളുമായി വരുന്നവര്‍ ഹോട്ടല്‍ താമസത്തില്‍ നിന്ന് ഇളവ് ആവശ്യപ്പെടുന്നത് കണക്കിലെടുത്താണ് തീരുമാനം. 

കുട്ടികള്‍ ഒറ്റക്ക് വരുകയാണെങ്കില്‍ അവര്‍ക്ക് വീട്ടുനിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയാകും. അറുപതും അതിന് മുകളിലുമുള്ളവരും ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ച രോഗികളും അല്ലാത്തവര്‍ക്ക് സഹല വഴിയുള്ള ബുക്കിംഗ് നിര്‍ബന്ധമാണ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അടക്കം മറ്റ് നിബന്ധനകള്‍ക്ക് മാറ്റമില്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top