News Desk

2021-03-22 10:48:39 pm IST
ന്യൂഡല്‍ഹി: ഡല്‍ഹിക്കുമേല്‍ കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ബില്‍ ലോക്സഭയില്‍ പാസ്സായി. ലോക്സഭയില്‍ പാസ്സായ ഡല്‍ഹി ദേശീയ തലസ്ഥാന മേഖലാ (ഭേദഗതി) ബില്‍ ഇനി രാജ്യസഭയിലും പാസാകേണ്ടതുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഡല്‍ഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതാണ് ബില്‍. കഴിഞ്ഞയാഴ്ചയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഈ ബില്‍ രാജ്യസഭ കൂടി കടക്കുന്നതോടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നയിക്കുന്ന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം വരും.

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീം കോടതി ഇടപെട്ടതിന് പിന്നാലെ മൂന്നു വര്‍ഷത്തിനകമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബില്‍ കൊണ്ടുവന്നത്. ഡല്‍ഹി സര്‍ക്കാരിന്റെയും ലഫ്റ്റനന്റ് ഗവര്‍ണറുടെയും ഉത്തരവാദിത്വങ്ങള്‍ ബില്‍ കൃത്യമായി നിര്‍വചിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

എന്നാല്‍ ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്ന ബില്ലാണ് ഇതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. ജനങ്ങള്‍ വോട്ടുചെയ്ത് വിജയിപ്പിച്ചവരില്‍ നിന്ന് അധികാരം കവര്‍ന്നെടുത്ത് ജനങ്ങള്‍ തോല്‍പ്പിച്ചവര്‍ക്ക് നല്‍കുന്നതാണ് ലോക്സഭ പാസാക്കിയ ബില്ലെന്ന് അദ്ദേഹം ആരോപിച്ചു. ബി.ജെ.പി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും ട്വീറ്റ് ചെയ്തു. ഡല്‍ഹി സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിക്കുന്നതിനു മുമ്പും ലഫ്റ്റനന്റ് ഗവര്‍ണറുടെ അഭിപ്രായം ആരായണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.

മന്ത്രിസഭ എടുക്കുന്ന ഏതു തീരുമാനവും ലഫ്. ഗവര്‍ണറെ അറിയിച്ചിരിക്കമെന്നാണ് 2018ലെ സുപ്രീംകോടതി ഉത്തരവില്‍ പറഞ്ഞത്. പൊലീസ്, ക്രമസമാധാനം, ഭൂമി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊഴികെ ലഫ്. ഗവര്‍ണറുടെ അനുമതി ആവശ്യമില്ല. സംസ്ഥാന സര്‍ക്കാറിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്, എന്നാല്‍ തീരുമാനമെടുക്കാനുള്ള സ്വതന്ത്ര അധികാര കേന്ദ്രമല്ല അതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാറും ലഫ്. ഗവര്‍ണറുമായി അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങള്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് വിടാനും കോടതി നിര്‍ദേശിക്കുകയുണ്ടായി.

നിയമസഭയിലെ 70ല്‍ 67 സീറ്റും പിടിച്ചാണ് ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും അധികാരത്തില്‍ വന്നത്. ബി.ജെ.പിക്ക് കിട്ടിയത് മൂന്നു സീറ്റാണ്. സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തന പദ്ധതികളെല്ലാം ലഫ്. ഗവര്‍ണര്‍ മുഖേന കേന്ദ്രം അട്ടിമറിക്കുന്നുവെന്ന് കെജ്‌രിവാള്‍ നേരത്തെ പലവട്ടം കുറ്റപ്പെടുത്തിയിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top