News Desk

2021-11-25 10:37:21 am IST
കാളികാവ്: വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തിയതോടെ ഗള്‍ഫ് മേഖലയിലെ തൊഴില്‍ ഇടങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധന. 

ഗള്‍ഫ് മേഖലകളിലെ നിയന്ത്രണങ്ങളില്‍ അയവു വന്നതും വിസ പുതുക്കലില്‍ ഇളവുകള്‍ വന്നതുമാണ് ഇതിന് പിന്നിലെ കാരണം. ആഴ്ചയില്‍ അയ്യായിരത്തിലേറെപ്പേര്‍ മടങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

സൗദി അറേബ്യയിലേക്കാണ് കൂടുതല്‍ പേരും മടങ്ങി പോകുന്നത്. പ്രവാസികളുടെ തിരിച്ചറയില്‍ രേഖയായ ഇഖാമ മൂന്നുമാസത്തേക്കുള്‍പ്പെടെ പുതുക്കാന്‍ തുടങ്ങിയതും തിരിച്ചുപോക്കിന് വേഗംകൂട്ടി. 

ഇതില്‍ പുറമെ നാട്ടില്‍ നിന്നുകൊണ്ട് വിസ പുതുക്കാനായതും പ്രവാസികള്‍ക്ക് സഹായമായി. 

വാക്‌സിന്റെ രണ്ടുഡോസ് എടുക്കാത്തവര്‍ക്ക് സൗദിയിലേക്ക് നേരിട്ടു പ്രവേശനമില്ല. ഇത്തരത്തിലുള്ളവര്‍ നിലവില്‍ ദുബായിലെത്തി 15 ദിവസം ക്വാറന്റീനുശേഷമാണ് സൗദിയിലേക്കു പോകുന്നത്.

ഖത്തര്‍, ദുബായ്, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കും പ്രവാസികള്‍ മടങ്ങിപ്പോകുന്നുണ്ട്.പല രാജ്യങ്ങളിലേക്കും നേരിട്ട് വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചത് പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

162 സര്‍വീസുകളാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആഴ്ചയില്‍ പോകുന്നത്. അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള  സര്‍വീസുകള്‍ ഉടന്‍ തന്നെ പഴയരീതിയിലാകുമെന്നാണ് പറയുന്നത്.

ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഒക്ടോബര്‍ 29 വരെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയത് 17,53,897 പേരാണ്. ഇതില്‍ 1,26,883 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top