News Desk

2021-03-25 01:42:51 pm IST

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദേശരാജ്യങ്ങളിലേക്കുള്ള വാക്സിന്‍ കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

ആസ്ട്രസെനക വാക്‌സിന്റെ കയറ്റുമതി നിര്‍ത്തിവെയക്കാന്‍ ആവശ്യപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കിയെന്നാണ് വിവരം. അമ്പതിലേറെ രാഷ്ട്രങ്ങളിലേക്കാണ് ഇന്ത്യ വാക്സിന്‍ കയറ്റുമതി ചെയ്തിരുന്നത്. 

ഫെബ്രുവരിയില്‍ ഒരു ലക്ഷത്തിലധികം പേരായിരുന്നു രാജ്യത്ത് ചികിത്സയിലുണ്ടായിരുന്നത്. എന്നാല്‍, അഞ്ച് ആഴ്ച പിന്നിടുമ്പോള്‍ മൂന്നിരട്ടി ആളുകളാണ് കൊവിഡിന് ചികിത്സയില്‍ കഴിയുന്നത്. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെ 18 സംസ്ഥാനങ്ങളിലാണ് കണ്ടെത്തിയത്.

അതേസമയം, താഴ്ന്ന വരുമാനമാനമുള്ള 64 രാജ്യങ്ങളുടെ വാക്‌സിന്‍ ലഭ്യതയെ ഇന്ത്യയുടെ നടപടി ഗുരുതരമായി ബാധിക്കുമെന്ന് വാക്‌സിന്‍ വിതരണപങ്കാളിയായ യൂനിസെഫ് റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. എത്രയും പെട്ടെന്ന് വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായും യൂനിസെഫ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ഇതിനോട് വിദേശകാര്യ മന്ത്രാലയമോ സെറം ഇന്‍സ്റ്റിറ്റ്യൂട്ടോ പ്രതികരിച്ചിട്ടില്ല. ബ്രസീല്‍, ബ്രിട്ടന്‍, മൊറോക്കോ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള വാക്‌സിന്‍ വിതരണം നിലവില്‍ ഏറെക്കുറെ മന്ദഗതിയിലാണ്. വ്യാഴാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ കയറ്റുമതി നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സൂചിപ്പിക്കുന്നു.

ഏകദേശം 52 ദശലക്ഷം ഡോസ് വാക്‌സിന്‍ ഇന്ത്യയില്‍ വിതരണം ചെയ്തതായാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കു കൂടി വാക്‌സിന്‍ വിതരണം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top