News Desk

2021-04-14 06:55:33 pm IST
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തില്‍ മറ്റു രാജ്യങ്ങളില്‍ അംഗീകാരം നേടിയ എല്ലാ കൊവിഡ് വാക്‌സിനുകളുടെയും അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കി. 

പ്രാദേശിക ട്രയല്‍ ഇല്ലാതെ അടിയന്തര ഉപയോഗാനുമതി നല്‍കാനുള്ള നിര്‍ണായക തീരുമാനമാണ് ആരോഗ്യമന്ത്രാലയം സ്വീകരിച്ചത്. വിദേശ വാക്‌സിനുകള്‍ ആദ്യം 100 ഗുണഭോക്താക്കള്‍ക്കു മാത്രമായി നല്‍കും. 

ഒരാഴ്ച നിരീക്ഷണ വിധേയമാക്കി സുരക്ഷിതത്വം ഉറപ്പിച്ച ശേഷമേ വ്യാപക ഉപയോഗത്തിന് അനുവദിക്കൂ. അതേസമയം, ചൈനീസ് വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ അനുമതി നല്‍കുമോയെന്നതില്‍ ആരോഗ്യമന്ത്രാലയം പ്രതികരിച്ചില്ല.  

രാജ്യത്ത് നിലവില്‍ ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഷീല്‍ഡ്, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സീന്‍, റഷ്യയുടെ സ്പുട്‌നിക് എന്നിവയ്ക്കാണ് ഇന്ത്യയില്‍ അനുമതിയുള്ളത്. സ്പുട്‌നിക് വാക്‌സിന്‍ മെയ് പകുതിയോടെ ഇന്ത്യയില്‍ ലഭ്യമാക്കുമെന്നു റഷ്യ സൂചന നല്‍കിയിട്ടുണ്ട്.

അതേസമയം, ഫൈസര്‍, മൊഡേണ, നോവവാക്‌സ്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ കമ്പനികളുടെ വാക്‌സിനുകള്‍ക്ക് കൂടി ഇന്ത്യ അനുമതി നല്‍കിയേക്കുമെന്നാണ് പുതിയ തീരുമാനം വ്യക്തമാക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top